< Back
Sports
റൺമല താണ്ടാതെ ഹൈദരാബാദ്; ഗുജറാത്തിന് 38 റൺസ് ജയം
Sports

റൺമല താണ്ടാതെ ഹൈദരാബാദ്; ഗുജറാത്തിന് 38 റൺസ് ജയം

Web Desk
|
2 May 2025 11:50 PM IST

ഗില്ലിനും ബട്‍ലര്‍ക്കും അര്‍ധ സെഞ്ച്വറി

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 38 റൺസിനാണ് ശുഭ്മാൻ ഗില്ലും സംഘവും സൺറൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഗുജറാത്തിനായി മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർധ സെഞ്ച്വറി നേടി ഓപ്പണർ അഭിഷേക് ശർമ ഒരു ഘട്ടത്തില്‍ ഹൈദരാബാദിനെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റു ബാറ്റർമാർക്കൊന്നും പ്രതീക്ഷക്കൊന്ന് ഉയരാനാവാത്തത് തിരിച്ചടിയായി. തോൽവിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറേ അവസാനിച്ചു.

നേരത്തേ അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേയും ജോസ് ബട്‌ലറുടേയും ഇന്നിങ്‌സുകളാണ് ഗുജറാത്തിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഗിൽ 38 പന്തിൽ 76 റൺസടിച്ചെടുത്തപ്പോൾ ബട്‌ലർ 37 പന്തിൽ 64 റൺസ് കുറിച്ചു. അർധ സെഞ്ച്വറിക്ക് രണ്ട് റൺസകലെ വീണ ഓപ്പണർ സായ് സുദർശനും ഗുജറാത്ത് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ടുമായി കളംനിറഞ്ഞ അഭിഷേക് ശർമ 41 പന്തിൽ 74 റൺസാണ് തന്റെ പേരിൽ കുറിച്ചത്. എന്നാൽ ടീമിനൈ വിജയത്തിലെത്തിച്ച് പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ അഭിഷേകിനായില്ല. ഒമ്പത് കളികളില്‍ നിന്ന് 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗുജറാത്ത്. ആറ് പോയിന്‍റുള്ള ഹൈദരാബാദ് ഒമ്പതാം സ്ഥാനത്താണ്.

Similar Posts