< Back
Sports
ക്ലാസ് വെടിക്കെട്ട്;  സണ്‍റൈസേഴ്സ് ഹൈദരാബാദിന് 110 റണ്‍സിന്‍റെ കൂറ്റന്‍ ജയം
Sports

'ക്ലാസ്' വെടിക്കെട്ട്; സണ്‍റൈസേഴ്സ് ഹൈദരാബാദിന് 110 റണ്‍സിന്‍റെ കൂറ്റന്‍ ജയം

Web Desk
|
25 May 2025 11:28 PM IST

37 പന്തില്‍ സെഞ്ച്വറി കുറിച്ച് ഹെന്‍ട്രിച്ച് ക്ലാസന്‍

ന്യൂഡല്‍ഹി: ഇതൊക്കെ കുറച്ച് നേരത്തേ ആവാമായിരുന്നു എന്ന് മനസിൽ പറയുന്നുണ്ടാവുമിപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് ആരാധകർ. ഐ.പി.എല്ലിലെ റൈഫിൾ ക്ലബ്ബ് എന്ന വിശേഷണമുള്ള ഹൈദരാബാദ് അതിന്റെ വിശ്വരൂപം പുറത്തെടുക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ആരാധകർക്ക്. അരുൺ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിൽ ഹെൻഡ്രിച്ച് ക്ലാസൻ നിറഞ്ഞാടിയപ്പോൾ 278 റൺസാണ് എസ്.ആര്‍.എച്ച് കൊൽക്കത്തക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ പോരാട്ടം 168 റൺസിൽ അവസാനിച്ചു. 110 റൺസിന്റെ കൂറ്റൻ ജയമാണ് ഹൈദരാബാദ് കുറിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനായി വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡ്ഡും ചേർന്ന് ആദ്യ വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഹെഡ് 40 പന്തിൽ 76 റൺസെടുത്തു. അഭിഷേക് 16 പന്തിൽ 32 റൺസെടുത്തു. അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ ക്ലാസൻ തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. 39 പന്തിൽ ഒമ്പത് സിക്‌സും ഏഴ് ഫോറും സഹിതം 105 റൺസെടുത്ത ക്ലാസനെ ഒരിക്കൽ പോലും വീഴ്ത്താൻ കൊൽക്കത്ത ബോളർമാർക്കായില്ല. ക്യാപ്റ്റൻ ഇഷാൻ കിഷൻ 20 പന്തിൽ 29 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ സുനിൽ നരേനും മനീഷ് പാണ്ഡെയുമാണ് കൊൽക്കത്തക്കായി അൽപമെങ്കിലും പൊരുതി നോക്കിയത്. ജയ്‌ദേവ് ഉനദ്ഘട്ട് ഇഷാൻ മലിംഗ ഹർഷ് ദൂബേ എന്നിവർ ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് വീതം പോക്കറ്റിലാക്കി.

Related Tags :
Similar Posts