< Back
Hockey
ബ്രിട്ടന്‍റെ ക്വാറൻ്റൈന്‍ നിയമങ്ങൾ; കോമൺവെൽത്ത് ഗെയിംസിനില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം
Hockey

ബ്രിട്ടന്‍റെ ക്വാറൻ്റൈന്‍ നിയമങ്ങൾ; കോമൺവെൽത്ത് ഗെയിംസിനില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം

Sports Desk
|
5 Oct 2021 7:48 PM IST

ഇന്ത്യയിൽ നിന്ന് വാക്‌സിനേഷൻ സ്വീകരിച്ചു വരുന്നവർക്ക് ബ്രിട്ടനിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്‍റൈന്‍ അനുഷ്ഠിക്കണമെന്ന ബ്രിട്ടന്‍റെ നയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.

അടുത്ത വർഷം ബെക്കിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ദേശീയ ഹോക്കി ടീം പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ഹോക്കി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനേഷൻ സ്വീകരിച്ചു വരുന്നവർക്ക് ബ്രിട്ടനിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്‍റൈന്‍ അനുഷ്ഠിക്കണമെന്ന ബ്രിട്ടന്‍റെ നയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ബ്രിട്ടന്‍റെ നടപടിയെത്തുടർന്ന് ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് സ്വദേശികൾക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന്‍ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു.



ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മാത്രം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് നവംബറിൽ നടക്കാനിരിക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ അറിയിച്ചു.

'ഇന്ത്യയിൽ നവംബറിൽ നടക്കാനിരിക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ട് ടീം പങ്കെടുക്കില്ലെന്ന വിവരം വേദനയോടെ അറിയിക്കുന്നു.ഒരു ലോകവേദിയിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയാത്തതിൽ ഇംഗ്ലണ്ട് താരങ്ങളുടേയും ടീം ഒഫീഷ്യൽസിന്‍റേയും വേദന തിരിച്ചറിയുന്നു. നിർഭാഗ്യവശാൽ നമുക്ക് ഇക്കുറി ലോകകപ്പിൽ പങ്കെടുക്കാനാവില്ല'. ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ തങ്ങളുടെ ഔദ്യോഗിക പ്രസ്ഥാവനയിൽ അറിയിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കില്ലെന്ന തീരുമാനം ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍റെ ഈ നടപടിയിൽ പ്രതിഷേധിച്ചാണെന്നാണ് റിപ്പോർട്ടുകൾ.ഭുവനേശ്വറിൽ വച്ച് അടുത്ത മാസം 24 നാരംഭിക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് ഡിസംബർ അഞ്ചിനാണ് അവസാനിക്കുക.

Similar Posts