< Back
Sports
പൂജ്യത്തിലാണ് കേട്ടോ; വിക്കറ്റിന് പിറകേ സർഫറാസിനെ ബ്രാഡ്മാന്റെ സന്ദേശം ഓർമിപ്പിച്ച് ഗവാസ്‌കർ
Sports

'പൂജ്യത്തിലാണ് കേട്ടോ'; വിക്കറ്റിന് പിറകേ സർഫറാസിനെ ബ്രാഡ്മാന്റെ സന്ദേശം ഓർമിപ്പിച്ച് ഗവാസ്‌കർ

Web Desk
|
8 March 2024 8:05 PM IST

60 പന്തിൽ 56 റൺസെടുത്ത സർഫറാസിനെ ശുഐബ് ബഷീറാണ് പുറത്താക്കിയത്.

ധരംശാല: അരങ്ങേറ്റത്തിന് ശേഷം മികച്ച ഫോമിലാണ് ഇന്ത്യൻ യുവതാരം സർഫറാസ് ഖാൻ. രാജ്കോട്ട് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും അർധ സെഞ്ച്വറി നേടിയ താരം ഇപ്പോഴിതാ അവസാന ടെസ്റ്റിലും ആദ്യ ഇന്നിങ്‌സിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിരിക്കുന്നു. ടൂർണമെന്റിലെ മൂന്നാം അർധ ശതകം കുറിച്ച സര്‍ഫറാസ് അഞ്ചാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലിനൊപ്പം 97 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 60 പന്തിൽ 56 റൺസെടുത്ത സർഫറാസിനെ ശുഐബ് ബഷീറാണ് പുറത്താക്കിയത്. ജോ റൂട്ടിന്‍റെ ക്യാച്ചിലാണ് താരം മടങ്ങിയത്.

ഈ വിക്കറ്റ് വീഴുമ്പോൾ കമന്‍ററി ബോക്‌സിൽ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറുണ്ടായിരുന്നു. സർഫറാസിന്റെ ഷോട്ട് സെലക്ഷനെ വിമർശിച്ച ഗവാസ്‌കർ താരത്തെ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ഒരുപദേശവും ഓർമിപ്പിച്ചു.

''ആ ബോളിൽ അങ്ങനെയൊരു ഷോട്ടിന് സർഫറാസ് മുതിരരുതായിരുന്നു. ഇരന്ന് വാങ്ങിയതാണാ വിക്കറ്റ്. ചായക്ക് ശേഷം നിങ്ങൾ നേരിടുന്ന ആദ്യ പന്താണത്. അവിടെ ഒരൽപ്പം സൂക്ഷ്മത പാലിക്കണമായിരുന്നു. ഡോൺ ബ്രാഡ്മാൻ എന്നോട് പറഞ്ഞൊരു കാര്യമാണ് സർഫറാസിനെ എനിക്ക് ഓർമിപ്പിക്കാനുള്ളത്.നിങ്ങൾ ഡബിൾ സെഞ്ച്വറി അടിച്ച് നിൽക്കുകയാണെങ്കിലും അടുത്ത പന്ത് നേരിടുമ്പോൾ ഞാൻ പൂജ്യത്തിലാണ് നിൽക്കുന്നത് എന്ന വിചാരത്തോടെയാവണം ബാറ്റ് വീശാൻ. സെഷന്റെ തുടക്കത്തിൽ തന്നെ അങ്ങനെ ഒരു ഷോട്ടിന് മുതിർന്നത് ശരിയായില്ല''- ഗവാസ്കര്‍ പറഞ്ഞു.

ധരംശാലയില്‍ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ എട്ട് വിക്കറ്റ് നഷ്ടത്തിസ്‍ 473 റണ്‍സെടുത്തിട്ടുണ്ട്. കുൽദീപ് യാദവ് (27),ജസ്പ്രീത് ബുംറ(19) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീർ നാല് വിക്കറ്റും ടോം ഹാർട്‌ലി രണ്ടുവിക്കറ്റും വീഴ്ത്തി. 135-1 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ നിര്‍ത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ്മയും (103) ശുഭ്മാൻ ഗിലും (110) സെഞ്ചുറി നേടി. ആദ്യ സെഷനിൽതന്നെ ലീഡ് സ്വന്തമാക്കിയ രോഹിതും സംഘവും ഏകദിന ശൈലിയിലാണ് പിന്നീട് കളിച്ചത്. ഇംഗ്ലീഷ് പേസ്ബൗളർമാരായ മാർക്ക് വുഡിനേയും ജെയിസ് ആൻഡേഴ്‌സനേയും കണക്കിന് പ്രഹരിച്ചു. ഒടുവിൽ 275ൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. രോഹിതാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ ഗിലും മടങ്ങിയെങ്കിലും അർധ സെഞ്ചുറി നേടിയ സർഫറാസ് ഖാനും(56),ദേവ്ദത്ത് പടിക്കലും(65)ചേർന്ന് ഇന്ത്യൻ സ്‌കോർ 300 കടത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മലയാളിതാരം പടിക്കൽ 103 പന്തിൽ പത്തു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് അര്‍ധ ശതകം കുറിച്ചത്.

60 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പരമ്പരയിൽ ഒരിക്കൽകൂടി യുവതാരത്തിന്‍റെ മിന്നും പ്രകടനം. രവീന്ദ്ര ജഡേജ(15),ധ്രുവ് ജുറേൽ(15), ആർ അശ്വിൻ(0) എന്നിവര്‍ വേഗത്തിൽ മടങ്ങിയെങ്കിലും കുൽദീപും ബുംറയും ചേർന്നുള്ള പത്താംവിക്കറ്റ് കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. അർധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ്(57) ആദ്യദിനം നഷ്ടമായിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യൻ സ്പിൻ കെണിയിൽ വീഴുകയായിരുന്നു. കുൽദീപ് യാദവ് അഞ്ചുവിക്കറ്റും നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിൻ നാല് വിക്കറ്റും സ്വന്തമാക്കി. 71 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോലിക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ (3-1) ഇന്ത്യ സ്വന്തമാക്കിയിരുന്നു

Similar Posts