< Back
Sports
South Africa Vs Sri Lanka

South Africa Vs Sri Lanka

Sports

ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടം

Web Desk
|
7 Oct 2023 7:33 AM IST

ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം

ഡല്‍ഹി: ലോകകപ്പിൽ ഇന്ന് രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. 1996ലെ സ്വപ്നകുതിപ്പിന് ശേഷം വിശ്വകിരീടം വീണ്ടും മുത്തമിടലാണ് ലങ്കയുടെ ലക്ഷ്യം. അതേസമയം ലോകകപ്പിലെ തങ്ങളുടെ നിർഭാഗ്യം മാറ്റിയെഴുതാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ഇത്തവണത്തെ ലോകകപ്പിന് ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷനിൽ അവസാന സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. സൂപ്പർതാരം ഐൻറിക്ക് നോക്കിയയുടെ അഭാവമാണ് പ്രോട്ടിയാസിന്‍റെ ഏറ്റവും വലിയ തിരിച്ചടി. ഇന്ത്യൻ പിച്ചുകളിൽ മികച്ച റെക്കോഡുള്ള നോക്കിയയുടെ അഭാവത്തിൽ ടീമിന്‍റെ ബൌളിങ് ചുമതല കഗീസോ റബാദയ്ക്കായിരിക്കും. ബാറ്റിങിൽ ഹെൻറിക്ക് ക്ലാസനാണ് പ്രധാന താരങ്ങൾ. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമായി മികച്ച ഫോമിലാണ് ക്ലാസൻ. കഴിഞ്ഞ മാസം ആസ്ത്രേലിയക്കെതിരെ 89 പന്തിൽ 174 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. 13 വീതം ഫോറുകളും സിക്സുകളുമാണ് ആ ഇന്നിങ്സിൽ പിറന്നത്. ഈ വർഷം ഏകദിനത്തിൽ 500 റൺസ് നേടിയ ബാറ്റർമാരിൽ 150ന് മുകളിൽ സ്ട്രൈക്ക് റൈറ്റ് ഏക താരമാണ് ക്ലാസൻ. ക്യാപ്റ്റൻ ടെംബ ബവുമ, എയ്ഡൻ മാർക്ക്രം, ഡേവിഡ് മില്ലർ തുടങ്ങിയവരും ഫോമിലാണ്.

മുഖ്യതാരങ്ങളുടെ പരിക്കാണ് ലങ്കയെ അലട്ടുന്നത്. ആൾ റൌണ്ടർ വനിന്ദു ഹസരങ്കയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് മിന്നുന്ന ഫോമിലാണ്. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് സന്നാഹമത്സരത്തിൽ 87 പന്തിൽ 158 റൺസാണ് താരം നേടിയത്. ഓപ്പണർ പതും നിസങ്കയാണ് ടീമിന്‍റെ സ്റ്റാർ ബാറ്റർ . ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഓപ്പണർ കൂടിയാണ് നിസങ്ക.

സ്പിന്നർ മഹീഷ തീക്ഷണയാണ് ലങ്കയുടെ കുന്തമുന. 31 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ സ്പിന്നറാണ് തീക്ഷണ. 1992ന് ശേഷം ലോകകപ്പിൽ ശ്രീലങ്കയോട് തോൽവിയറിഞ്ഞിട്ടില്ല പ്രോട്ടിയാസ്. 2019 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത തോൽവിയാണ് ശ്രീലങ്കയ്ക്ക് നേരിടേണ്ടി വന്നത്. അതിനുള്ള തിരിച്ചടിയായിരിക്കും ലങ്കയുടെ ലക്ഷ്യം.

Similar Posts