< Back
Sports
ജയം ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഈസ്റ്റ് ബംഗാൾ എഫ്.സി
Sports

ജയം ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഈസ്റ്റ് ബംഗാൾ എഫ്.സി

Web Desk
|
12 Dec 2021 8:15 AM IST

ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം.

ഐ.എസ്.എല്ലിൽ വിജയം തുടരാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ എഫ്.സിയാണ് കേരളത്തിന്റെ എതിരാളികൾ. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം.

ഒരിക്കൽ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഒഡീഷയ്ക്കെതിരായ വിജയം നൽകിയത് പുതുജീവനാണ്. ജയിക്കാനാകുമെന്ന ടീമിന്റെ വിശ്വാസവും ആരാധകരുടെ പ്രതീക്ഷയും ഇരട്ടിയായി.

ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം. ഉറുഗ്വെ താരം അഡ്രിയാൺ ലൂണയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ കുന്തമുന. സ്ട്രൈക്കർ അൽവാരോ വാസ്വസും മിന്നും ഫോമിലാണ്. സഹലും വിൻസന്റ് ബാരറ്റോയും കൂടി അവസരത്തിനൊത്ത് ഉയർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് അനായാസം ജയിക്കാം.

പ്രതിരോധനിരയുടെ ഒത്തിണക്കവും കൊമ്പന്മാർക്ക് തുണയാകും. ഗോൾ വലയ്ക്ക് കീഴിൽ ആൽബിനോ ഗോമസ് ഇല്ലാത്തത് തിരിച്ചടിയാണ്. യുവ ഗോള്‍കീപ്പര്‍ പ്രഭാസുഖാന്‍ ഗില്ലാകും പകരം ഗോൾകീപ്പറാവുക.

അഞ്ച് മത്സരം കഴിഞ്ഞിട്ടും വിജയമറയാത്ത ഈസ്റ്റ് ബംഗാളിനും ഇന്നത്തെ മത്സരം നിർണായകമാണ്. അതിനാൽ തന്നെ തിലക് മൈതാനിൽ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.

Similar Posts