< Back
Sports
റിവ്യൂവിന് പോവാതെ കൂടാരം കയറി കോഹ്ലി; നിരാശ പരസ്യമാക്കി രോഹിത്
Sports

റിവ്യൂവിന് പോവാതെ കൂടാരം കയറി കോഹ്ലി; നിരാശ പരസ്യമാക്കി രോഹിത്

Web Desk
|
20 Sept 2024 7:31 PM IST

കോഹ്ലി ഔട്ടല്ലെന്ന് റീപ്ലേ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ആരാധകരെ നിരാശപ്പെടുത്തി. നായകൻ രോഹിത് ശർമ അഞ്ച് റൺസിന് പുറത്തായപ്പോൾ കോഹ്ലി 17 റൺസിനാണ് കൂടാരം കയറിയത്. എന്നാൽ കോഹ്ലിയുടെ വിക്കറ്റ് അമ്പയറുടെ തെറ്റായ തീരുമാനത്തിലായിരുന്നു. ഇതിൽ താരം റിവ്യൂവിന് മുതിരാതിരുന്നത് എന്ത് കൊണ്ടാണ് എന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദ്യമുയർത്തുന്നുണ്ട് ഇപ്പോൾ.

മെഹ്ദി ഹസന്റെ പന്തിലാണ് കോഹ്ലി വിക്കറ്റിന് മുന്നിൽ കുടുങ്ങിയത്. ഹസൻ അപ്പീൽ വിളിച്ചതും അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ പന്ത് കോഹ്ലിയുടെ ബാറ്റിൽ തട്ടിയ ശേഷമാണ് പാഡിൽ കൊണ്ടത് എന്ന് റീപ്ലേ ദൃശ്യങ്ങളിൽ വ്യക്തമായി. കോഹ്ലി ഡി.ആർ.എസ് ആവശ്യപ്പെടാത്തതിലെ നിരാശ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ പരസ്യമാക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ കൂറ്റൻ ലീഡിലേക്ക് കുതിക്കുകയാണ്. ആദ്യ ഇന്നിങ്‌സിൽ ബംഗ്ലാദേശിനെ 149 റൺസിന് കൂടാരം കയറ്റിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സ് എന്ന നിലയിലാണ്. 308 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്.

ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഒരിക്കല്‍ കൂടി ആരാധകരെ നിരാശപ്പെടുത്തി. കോഹ്‍ലി 17 റണ്‍സെടുത്ത് പുറത്തായപ്പോല്‍ രോഹിത് ശര്‍മ അഞ്ച് റണ്‍സിന് കൂടാരം കയറി. ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് പുറത്തായ മറ്റൊരു ബാറ്റര്‍. 10 റണ്‍സാണ് ജയ്സ്വാളിന്‍റെ സമ്പാദ്യം. 33 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ഋഷബ് പന്തുമാണ് ക്രീസിൽ.

നേരത്തേ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് ചെപ്പോക്കിൽ കണ്ടത്. 32 റൺസെടുത്ത ഷാകിബ് അൽ ഹസൻ മാത്രമാണ് അൽപമെങ്കിലും പൊരുതി നോക്കിയത്. നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയ മത്സരത്തിൽ മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ഹസൻ മഹ്‌മൂദിനെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ച് ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റെന്ന ചരിത്ര നേട്ടത്തില്‍ തൊട്ടു. ശദ്മാൻ ഇസ്ലാം, മുശ്ഫിഖു റഹീം, ഹസൻ മഹ്‌മൂദ്, തസ്‌കിൻ അഹ്‌മദ് എന്നിവരെയാണ് ബുംറ കൂടാരം കയറ്റിയത്. ടെസ്റ്റിൽ 159 വിക്കറ്റും ഏകദിനത്തിൽ 149 വിക്കറ്റും ടി20 യിൽ 89 വിക്കറ്റുമാണ് ബുംറയുടെ സമ്പാദ്യം

ആദ്യ ഇന്നിങ്സില്‍ ആര്‍.അശ്വിന്‍റെ അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 376 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. രവീന്ദ്ര ജഡേജ സെഞ്ച്വറിക്ക് 14 റണ്‍സകലെ വീണു. ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

Similar Posts