< Back
Sports
ലൂട്ടൺ ടൗണിനെ ഗോൾമഴയിൽ മുക്കി സിറ്റി തലപ്പത്ത്
Sports

ലൂട്ടൺ ടൗണിനെ ഗോൾമഴയിൽ മുക്കി സിറ്റി തലപ്പത്ത്

Web Desk
|
13 April 2024 9:43 PM IST

മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ എതിരില്ലാത്ത നാല് ഗോളിന് ടോട്ടന്‍ഹാമിനെ തകര്‍ത്തു

ലുട്ടൺ ടൗണിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ തലപ്പത്ത്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. മതേവു കൊവാസിച്, എർലിങ് ഹാളണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാർഡിയോൾ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലുട്ടൺ താരം ഹാഷിയോക്കയുടെ സെൽഫ് ഗോളും ചേർന്നതോടെ പട്ടിക പൂർത്തിയായി. റോസ് ബാർക്ലിയാണ് ലുട്ടണായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ 73 പോയിന്റുമായി സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒരു കളി കുറവ് കളിച്ച ആഴ്‌സണലിനും ലിവർപൂളിനും 71 പോയിന്റ് വീതമാണുള്ളത്.

മറ്റൊരു പ്രധാന പോരാട്ടത്തിൽ ടോട്ടൻ ഹാമിനെ ന്യൂകാസിൽ എതിരില്ലാത്ത നാല് ഗോളിന് തകർത്തു. അലെക്‌സാണ്ടർ ഇസാഖ് ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ആന്റണി ഗോർഡനും ഫാഭിയാൻ ഷാറുമാണ് ന്യൂകാസിലിനായി അവശേഷിക്കുന്ന ഗോളുകൾ നേടിയത്. ആസ്റ്റൺ വില്ലയെ മറികടന്ന് നാലാം സ്ഥാനത്തെത്താനുള്ള ടോട്ടൻ ഹാമിന്റെ മോഹങ്ങൾക്ക് മേലാണ് ന്യൂകാസിലിന്‍റെ ഇടിത്തീ വീണത്.

Similar Posts