< Back
Sports
Nepotism,Preity Zinta,Tweet,Arjun Tendulkar,ipl 2023
Sports

'നെപ്പോട്ടിസം എന്ന് പറഞ്ഞവര്‍ എവിടെ?'; അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ വിക്കറ്റിന് പിന്നാലെ പ്രീതി സിന്‍യുടെ ട്വീറ്റ്

Web Desk
|
19 April 2023 12:35 PM IST

സച്ചിന്‍ ക്വാട്ടയിലാണ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതെന്നടക്കമുള്ള ട്രോളുകള്‍ വ്യാപകമായിരുന്നു. ഇത്തരം ആരോപണങ്ങളെക്കൂടി പരിഹസിച്ചായിരുന്നു പ്രീതി സിന്‍റയുടെ ട്വീറ്റ്.

ഐ.പി.എല്ലില്‍ ആദ്യ വിക്കറ്റ് നേടിയതിന് പിന്നാലെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരവും പഞ്ചാബ് സൂപ്പര്‍കിങ്സ് ഉമടകളില്‍ ഒരാളുമായ പ്രീതി സിന്‍റ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ വിക്കറ്റ്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഭൂവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അര്‍ജുന്‍ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

അര്‍ജുന്‍റെ ആദ്യ ഐപിഎല്‍ വിക്കറ്റിന് പിന്നാലെയായിരുന്നു താരത്തെ അഭിനന്ദിച്ച് പ്രീതി സിന്‍റയുടെ ട്വീറ്റ്. അര്‍ജുനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ നെപ്പോട്ടിസം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സച്ചിന്‍ ക്വാട്ടയിലാണ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതെന്നടക്കമുള്ള ട്രോളുകളും വ്യാപകമായിരുന്നു. ഇത്തരം ആരോപണങ്ങളെക്കൂടി പരിഹസിച്ചായിരുന്നു പ്രീതി സിന്‍റയുടെ ട്വീറ്റ്.

''നെപ്പോട്ടിസം എന്ന് പറഞ്ഞ് ഒരുപാട് പേര്‍ അവനെ പരിഹസിച്ചു, പക്ഷേ ഈ രാത്രി അവന്‍ തെളിയിച്ചു, കഠിനമായി പരിശ്രമിച്ചിട്ട് തന്നെയാണ് ഇവിടെയെത്തിയതെന്ന്, അഭിനന്ദനങ്ങള്‍ അര്‍ജുന്‍. സച്ചിന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ മകനെയോര്‍ത്ത് തീര്‍ച്ചയായും അഭിമാനിക്കാം...''. പ്രീതി സിന്‍റ ട്വീറ്റ് ചെയ്തു.

തന്‍റെ രണ്ടാമത്തെ മാത്രം ഐ‌.പി‌.എൽ മത്സരം കളിക്കുന്ന 23കാരൻ അര്‍ജുന്‍ ഇന്നലെ അവസാന ഓവറിലെ മികച്ച ബൌളിങ് പ്രകടനം കൊണ്ട് മുംബൈക്ക് ആവേശ വിജയം സമ്മാനിച്ചിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്ന സണ്‍റൈസേഴ്സിന് അര്‍ജുന്‍റെ ഓവറില്‍ വെറും അഞ്ച് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈ ഇന്ത്യൻസ് അങ്ങനെ 14 റൺസിന്‍റെ വിജയം സ്വന്തമാക്കി.

ഓപ്പണിങ് സ്പെല്ലിലും അര്‍ജുന്‍ മികച്ച രീതിയില്‍ത്തന്നെ പന്തെറിഞ്ഞു. 2.5 ഓവറില്‍ വെറും 6.35 റണ്‍സ് എക്കോണമിയില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റ് നേടിയത്. അര്‍ജുന്‍റെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് കൂടിയായിരുന്നു അത്. സണ്‍റൈസേഴ്സിന്‍റെ അവസാന വിക്കറ്റായ ഭൂവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചാണ് അര്‍ജുന്‍ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

മത്സരശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ജുനെ അഭിനന്ദിച്ചു. ''അര്‍ജുന്‍ ന്യൂബോൾ നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന ബൌളറാണ്. ഡെത്ത് ഓവറിൽ നല്ല യോർക്കറുകൾ എറിയാനും അവന് കഴിയുന്നുണ്ട്. മൂന്ന് വര്‍ഷമായി അവന്‍ ടീമിനൊപ്പമുണ്ട്, അര്‍ജുന്‍റെ വളര്‍ച്ച നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ടീമിന് ഏത് സമയത്ത് എന്താണ് വേണ്ടതെന്ന് കൃത്യമായി അര്‍ജുന് അറിയാം. അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവും അര്‍ജുന് ഉണ്ട്''. രോഹിത് പറഞ്ഞു.

Similar Posts