< Back
Sports
നാല് പന്തില്‍ നിരവധി റെക്കോര്‍ഡുകള്‍; വാംഖഡെയെ ആവേശക്കൊടുമുടി കയറ്റിയ തലയാട്ടം
Sports

നാല് പന്തില്‍ നിരവധി റെക്കോര്‍ഡുകള്‍; വാംഖഡെയെ ആവേശക്കൊടുമുടി കയറ്റിയ തലയാട്ടം

Web Desk
|
15 April 2024 1:18 PM IST

ഇത് ഏഴാം തവണയാണ് ടി20 യിൽ അവസാന ഓവറിൽ ധോണി ഇരുപതോ അതിലധികമോ റൺസ് അടിച്ചെടുക്കുന്നത്

അവസാന ഓവറിലെ രണ്ടാം പന്തിൽ ഡാരിൽ മിച്ചലിന്റെ വിക്കറ്റ് വീണപ്പോൾ വാംഖഡേയിലെ ചെന്നൈ ആരാധകർ ആർത്തുവിളിച്ചതെന്തിനാവണം? ഡെത്ത് ഓവറുകളിൽ 14 പന്തിൽ 17 റൺസുമായി ഇഴഞ്ഞു നീങ്ങുകയായിരുന്നു അയാൾ. ഒരൊറ്റ ബൗണ്ടറിയാണ് മിച്ചലിന്റെ ബാറ്റിൽ നിന്ന് അതുവരെ ആകെ പിറന്നത്. ഈ സമയത്തൊക്കെ ഇടക്കിടെ ഗാലറിയിലെ ബിഗ് സ്‌ക്രീനിൽ മഹേന്ദ്ര സിങ് ധോണിയുടെ മുഖം തെളിഞ്ഞ് കൊണ്ടേയിരുന്നു. ഹെൽമറ്റണിഞ്ഞ് ഡ്രസ്സിങ് റൂമിൽ മൈതാനത്തേക്ക് കണ്ണും നട്ട് തന്റെ ഊഴവും കാത്തിരിക്കുകയാണ് അയാൾ. ഒടുക്കം നബിക്ക് പിടി കൊടുത്ത് ഡാരിൽ മിച്ചൽ പവലിയനിലേക്ക് മടങ്ങുമ്പോൾ ഹർദിക് പാണ്ഡ്യയുടെ മുഖത്താരും അമിതാവേശം കണ്ടില്ല. അയാളൊരപകടം മണത്ത് തുടങ്ങിയിട്ടുണ്ടാവണം.

ഒടുവിൽ ഡ്രസ്സിങ് റൂമിന്റെ പടികളിറങ്ങി ആരാധകരുടെ ആരവങ്ങൾക്കിടയിലൂടെ ആ നീളൻ മുടിക്കാരന്‍റെ രംഗപ്രവേശം. വാംഖഡെ ഗാലറിയിൽ നിലക്കാത്ത ആരവം മുഴങ്ങി. ശേഷിക്കുന്ന നാല് പന്തുകൾ നേരിടാനാണ് അയാൾ മൈതാനത്തേക്കിറങ്ങുന്നത്. ടി20 ക്രിക്കറ്റിൽ ഒരു 42 കാരനിൽ നിന്ന് നിങ്ങളിപ്പോൾ എന്താണ് പ്രതീക്ഷിക്കുന്നത്. ധോണി പാഡ് കെട്ടിയിറങ്ങുമ്പോൾ നിങ്ങൾ ഗാലറിയിലേക്ക് പറന്നിറങ്ങുന്ന പന്തുകളെ മാത്രം സ്വപ്നം കാണണം. അയാളുടെ വയസ്സപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന് പോലുമുണ്ടാവില്ല.

ഒടുവിൽ ആരാധകർ കാത്തിരുന്നത് തന്നെ സംഭവിച്ചു. ഹർദിക് പാണ്ഡ്യയുടെ മൂന്നാം പന്ത് ലോങ് ഓഫിന് മുകളിലൂടെ ഗാലറിയിലേക്ക് പാഞ്ഞു. ഒരു പടുകൂറ്റന്‍ സിക്സര്‍. നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെ അതിർത്തി കടന്നു. എല്ലാ നിയന്ത്രണവും നഷ്ടമായ പാണ്ഡ്യയുടെ അടുത്ത പന്ത് ഒരു ഫുൾ ടോസായിരുന്നു. സർവസംഹാരിയായ ധോണി ക്രീസിൽ നിൽക്കേ അയാളുടെ ബാറ്റിലേക്കൊരു ഫുൾടോസ് പാഞ്ഞാൽ അതിവേഗതയിലത് ഗാലറിയിലേക്ക് പായും. പാണ്ഡ്യയുടെ അഞ്ചാം പന്ത് ഡീപ് സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ ഗാലറിയിൽ ചെന്ന് പതിച്ചു. വാംഖഡേ ആവേശത്തിന്റെ പരകോടിയിലായിരുന്നു. ഒരു സിനിമാക്കഥയിലെന്ന പോലെ ചെന്നൈ ആരാധകരുടെ ഹീറോ എതിരാളികളെ നിഷ്പ്രഭനാക്കി ആ മൈതാനത്തെ ഒന്നാകെ താനെന്ന അച്ചു തണ്ടിലേക്ക് തിരിച്ചിരിക്കുന്നു. അവസാന പന്തിൽ രണ്ട് റൺസ് സ്‌കോർ ചെയ്ത് അയാളാ ഇന്നിങ്‌സിനെ മനോഹരമായി അവസാനിപ്പിച്ചു.

രണ്ടോവറും രണ്ട് പന്തുമെടുത്ത് ഡാരിൽ മിച്ചൽ അടിച്ചെടുത്ത റൺസാണ് വെറും നാല് പന്തിൽ 500 സ്‌ട്രൈക്ക് റൈറ്റിൽ ധോണി അടിച്ചെടുത്തത്. ഹർദിക് പാണ്ഡ്യയെ നിലംപരിശാക്കി ഡ്രസിങ് റൂമിലേക്ക് ഓടിക്കയറുമ്പോൾ ഗാലറിയിലിരുന്ന് തനിക്ക് വേണ്ടി ആർത്തുവിളിച്ച കൊണ്ടിരുന്ന ഒരു കുഞ്ഞാരാധികക്ക് താൻ ഗാലറിയിലെത്തിച്ചൊരു പന്ത് സമ്മാനിച്ചു അയാൾ. ധോണി അങ്ങനെയൊക്കെയാണ്. ആരാധകരയാളെ ഇപ്പോഴും ഹൃദയത്തിൽ കൊണ്ടു നടക്കുന്നതിന്റെ കാരണമന്വേഷിച്ച് നിങ്ങൾക്ക് മറ്റെവിടെയും പോവേണ്ടി വരില്ല. മൈതാനത്ത് നിന്ന് തന്നെ നിങ്ങൾക്കത് കണ്ടെത്താനാവും.

എല്ലാത്തിനുമൊടുവിൽ മുംബൈ നായകൻ ഹർദിക് പാണ്ഡ്യ നിസ്സഹായനായി ഗാലറിയെ നോക്കി നിന്നു. രണ്ട് അർധ സെഞ്ച്വറികൾ പിറന്ന മത്സരത്തെ ഒറ്റയടിക്കാണ് മഹേന്ദ്ര സിങ് ധോണി അയാളുടേത് മാത്രമാക്കി മാറ്റിയത്. രോഹിത് ശർമയുടെ സെഞ്ച്വറി പിറന്ന വാംഖഡേയിൽ മുംബൈ തോറ്റതും 20 റൺസിനായിരുന്നു. ധോണി 4 പന്തിൽ അടിച്ചെടുത്ത 20 റൺസിനെ കുറിച്ചായിരുന്നു അപ്പോഴും ആരാധകർക്കും ക്രിക്കറ്റ് പണ്ഡിറ്റുകൾക്കും പറയാനുണ്ടായിരുന്നത്.

മത്സര ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയും ധോണിയെ കുറിച്ച് വാതോരാതെ സംസാരിച്ചു. വിജയിക്കാൻ കഴിയുന്ന ലക്ഷ്യമായിരുന്നു മുംബൈക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ചെന്നൈ ബോളർമാർ മനോഹരമായി പന്തെറിഞ്ഞു. ചെന്നൈയുടെ കയ്യിൽ പദ്ധതികള്‍ ഏറെയായിരുന്നു. വിക്കറ്റിന് പിന്നില്‍ ധോണിയാണെല്ലാത്തിനും ചരടുവലിച്ചത്. ഓരോ താരങ്ങളെയും എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ധോണിക്ക് കൃത്യമായി അറിയാം. ഹര്‍ദിക് പറഞ്ഞു.

വാംഖഡെയിൽ വെറും നാല് പന്തിൽ ധോണി കുറിച്ചത് നിരവധി റെക്കോർഡുകളാണ്. ഐ.പി.എൽ ചരിത്രത്തിൽ നേരിടുന്ന ആദ്യ മൂന്ന് പന്തുകളും സിക്‌സർ പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ധോണിയെത്തേടിയെത്തി. ഇത് ഏഴാം തവണയാണ് ടി20 യിൽ അവസാന ഓവറിൽ ധോണി ഇരുപതോ അതിലധികമോ റൺസ് അടിച്ചെടുക്കുന്നത്. ചെന്നൈ ജേഴ്‌സിയിൽ ധോണിയുടെ 250ാം മത്സരത്തിനാണ് വാംഖഡെ ഇന്നലെ സാക്ഷിയായത്. ഐ.പി.എല്ലിൽ ഒരു ടീമിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ധോണി. വിരാട് കോഹ്ലി മാത്രമാണ് ധോണിക്ക് മുന്നിലുള്ളത്. ചെന്നൈക്കായി ഐ.പി.എല്ലിൽ 5000 റൺസ് തികക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും ധോണിയെ തേടിയെത്തി. സുരേഷ് റൈന മാത്രമാണ് ചെന്നൈയുടെ റൺ വേട്ടക്കാരിൽ ധോണിക്ക് മുന്നിലുള്ളത്.

ഐ.പി.എല്ലിൽ 20ാം ഓവറിൽ ഏറ്റവുമധികം സിക്‌സടിച്ച റെക്കോർഡും ധോണിയുടെ പേരിലാണുള്ളത്. 65 സിക്‌സുകളാണ് അവസാന ഓവറിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറവിയെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കീറോൺ പൊള്ളാർഡാവട്ടെ 33 സിക്‌സുമായി ബഹുദൂരം പിന്നിലാണ്.

വാംഖഡെയിൽ ഇന്നലെ ചെന്നൈ ഉയർത്തിയ 206 റൺസ് പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസി​ന് 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സെഞ്ച്വറിയുമായി ഓപ്പണര്‍ രോഹിത് ശർമ ആതിഥേയരെ മുന്നിൽ നിന്ന് നയിച്ചെങ്കിലും വിജയത്തിന് 20 റൺസ് അകലെ വീണു. ​നാലോവറിൽ 28 റൺസ് മാത്രം വിട്ടു​കൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ പതിരാനയാണ് മുംബൈയുടെ നട്ടെല്ലൊടിച്ചത്. വിജയത്തോടെ ചെന്നൈ എട്ടുപോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ നാലാം തോൽവിയുമായി മുംബൈ എട്ടാം സ്ഥാനത്തേക്കിറങ്ങി.


Similar Posts