< Back
Sports
കുറിച്ച് വച്ചോളൂ, റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കും- കാര്‍ലോ ആഞ്ചലോട്ടി
Sports

'കുറിച്ച് വച്ചോളൂ, റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കും'- കാര്‍ലോ ആഞ്ചലോട്ടി

Web Desk
|
29 Nov 2024 5:30 PM IST

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ 24ാം സ്ഥാനത്താണ് റയല്‍

റയൽ മാഡ്രിഡ് ഇക്കുറിയും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുമെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി. ലിവർപൂളിനേറ്റ തോൽവിക്ക് പിറകേയാണ് പരിശീലകന്റെ പ്രതികരണം. എതിരില്ലാത്ത രണ്ട് ഗോളിനാണ് കഴിഞ്ഞ ദിവസം ലിവർപൂൾ റയലിനെ തകർത്തത്.

'കുറിച്ച് വച്ചോളൂ, ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ റയൽ മാഡ്രിഡ് മ്യൂണിക്കിലുണ്ടാവും.'- കാർലോ ആഞ്ചലോട്ടി പറഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് റയൽ വഴങ്ങുന്നത്.

ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ അരങ്ങേറിയ പോരില്‍ ലിവര്‍പൂളിന്‍റെ വിജയം ഏകപക്ഷീയമായിരുന്നു. മാക് അലിസ്റ്ററും(52) കോഡി ഗാക്പോയും(76) മാണ് ചെങ്കുപ്പായക്കാര്‍ക്കായി ഗോള്‍ കണ്ടെത്തിയത്. മത്സരത്തിൽ നിർണായകമായ പെനാൽറ്റി കിലിയൻ എംബാപെ നഷ്ടപ്പെടുത്തി.

ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹും പാഴാക്കി. തുടരെ അഞ്ച് ജയത്തോടെ ചെമ്പട പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. റയൽ 24ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തകർപ്പൻ ഫോമിലുള്ള ലിവർപൂളിനെതിരെ റയൽ തീർത്തും നിറംമങ്ങുന്ന കാഴ്ചയാണ് ആന്‍ഫീല്‍ഡില്‍ കണ്ടത്. സൂപ്പർതാരം വിനീഷ്യസ് ജൂനിറില്ലാതെയാണ് റയൽ ഇറങ്ങിയത്. ഗോൾകീപ്പർ തിബോ കോർട്ടോയുടെ സേവുകളാണ് റയലിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

Similar Posts