< Back
Sports
മൈതാനത്തേക്കോടിയിറങ്ങി ആരാധകന്‍; ചേര്‍ത്തുപിടിച്ച് മെസി, വീഡിയോ വൈറല്‍
Sports

മൈതാനത്തേക്കോടിയിറങ്ങി ആരാധകന്‍; ചേര്‍ത്തുപിടിച്ച് മെസി, വീഡിയോ വൈറല്‍

Web Desk
|
16 Jun 2023 7:40 PM IST

ആസ്‌ത്രേലിയ അർജന്റീന മത്സരത്തിന്‍റെ 66 ാം മിനിറ്റിലാണ് ആരാധകന്‍ മൈതാനത്തേക്ക് ഓടിയിറങ്ങിയത്

ബെയ്ജി‍ങ്: കഴിഞ്ഞ ദിവസം ബെയ്ജിങ്ങിൽ വച്ച് നടന്ന അർജന്റീന ആസ്‌ത്രേലിയ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ നിറഞ്ഞാട്ടമാണ് ആരാധകർ കണ്ടത്. മത്സരം ആരംഭിച്ച് 75 സെക്കന്റ് പിന്നിടും മുമ്പേ സൂപ്പർ താരം മനോഹരമായൊരു ഗോളിലൂടെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചു. കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.

മത്സരത്തിനിടെ മൈതാനത്ത് ചില രസകരമായ സംഭവങ്ങളും അരങ്ങേറി. കളി പുരോഗമിച്ചു കൊണ്ടിരിക്കേ ഗാലറിയിൽ നിന്ന് മൈതാനത്തേക്കിറങ്ങിയ ഒരു ആരാധകൻ ലയണല്‍ മെസ്സിയുടെ അടുക്കലേക്ക് ഓടിയെത്തിയതിനെ തുടര്‍ന്ന് മത്സരം അല്‍പ്പ നേരം നിര്‍ത്തി വക്കേണ്ടി വന്നു. കളിയുടെ 66 ാം മിനിറ്റിലാണ് സംഭവം. കോര്‍ണര്‍ കിക്കെടുക്കാനായി കോര്‍ണര്‍ ഫ്ലാഗിനടുത്തേക്ക് നടന്നു നീങ്ങുകയായിരുന്നു മെസ്സി. ഇതിനിടെ ഗാലറിയില്‍ നിന്ന് ആരാധകന്‍ മൈതാനത്തേക്ക് ചാടിയിറങ്ങി താരത്തിന് അടുക്കലേക്ക് ഓടി. മെസ്സിയെ ആലിംഗനം ചെയ്ത ആരാധകനെ മെസി ചേര്‍ത്ത് പിടിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടുന്നത് കണ്ട് മൈതാന മധ്യത്തേക്ക് ഓടിയ ആരാധകന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനും കൈ കൊടുത്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ മൈതാനത്ത് നിന്ന് പിടിച്ചു കൊണ്ടു പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടം കറക്കിയ ആരാധകന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Similar Posts