< Back
Sports
Afghanistan vs Pakistan
Sports

മൂന്നക്കം കടത്തിയില്ല; അഫ്ഗാന് മുന്നില്‍ നാണംകെട്ട് പാകിസ്താന്‍

Web Desk
|
25 March 2023 5:05 PM IST

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ആറ് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം

ഷാര്‍ജ: അഫ്ഗാനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് നാണംകെട്ട തോൽവി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ആറ് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. പാകിസ്താനെ മൂന്നക്കം കടത്താൻ അനുവദിക്കാതിരുന്ന അഫ്ഗാൻ വെറും 93 റൺസിന് പേര് കേട്ട പാക് ബാറ്റിങ് നിരയെ കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ അഫ്ഗാൻ വിജയ ലക്ഷ്യം മറികടന്നു. ഓൾ റൗണ്ട് പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച മുഹമ്മദ് നബിയാണ് അഫ്ഗാന്റെ വിജയശിൽപി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്റെ എട്ട് ബാറ്റർമാരാണ് രണ്ടക്കം കടക്കാനാവാതെ കൂടാരം കയറിയത്. കളിയുടെ തുടക്കം മുതൽ തന്നെ കൃത്യമായ ഇടവേളകളിൽ പാക് ബാറ്റർമാർ കൂടാരം കയറിക്കൊണ്ടേയിരുന്നു. 18 റൺസെടുത്ത ഇമാദ് വസീമാണ് പാക് ബാറ്റിങ് നിരയിലെ ടോപ് സ്‌കോറർ. അഫ്ഗാനായി മുഹമ്മദ് നബിയും മുജീഹ് റഹ്മാനും ഫസൽ ഹഖ് ഫാറൂഖിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്താനും തകർച്ചയോടെയാണ് തുടങ്ങിയത്. 45 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അഫ്ഗാനെ മുഹമ്മദ് നബി നടത്തിയ ചെറുത്ത് നിൽപ്പാണ് വിജയത്തിലെത്തിച്ചത്. നബി പുറത്താവാതെ 38 റൺസെടുത്തു. പാകിസ്താന് വേണ്ടി ഇഹ്‌സാനുല്ല രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഷായും ഇമാദ് വസീമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Similar Posts