< Back
Sports
റോക്കിങ് മൊറോക്കോ; ‌‌നോക്കൗട്ടിൽ എത്തുന്ന രണ്ടാം ആഫ്രിക്കൻ രാജ്യം
Sports

റോക്കിങ് മൊറോക്കോ; ‌‌നോക്കൗട്ടിൽ എത്തുന്ന രണ്ടാം ആഫ്രിക്കൻ രാജ്യം

Web Desk
|
2 Dec 2022 12:21 AM IST

1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്.

ഖത്തർ ലോകകപ്പിൽ ​ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ കാനഡയെ തകർത്ത് മൊറോക്കോ പ്രീക്വാർട്ടറിലെത്തിയത് ശ്രദ്ധേയ പ്രകടനത്തോടെ. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്കു കടക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യം എന്ന ഖ്യാതിയും ഇതോടെ മൊറോക്കോയ്ക്ക് കൈവന്നു. സെനഗലാണ് ആദ്യ ടീം.

ഗ്രൂപ്പ് ചാംപ്യൻമാരായാണ് മൊറോക്കോ നോക്കൗട്ടിലേക്ക് കടക്കുന്നത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച മൊറോക്കോ, രണ്ടാം മത്സരത്തിൽ ബെൽജിയത്തെ അട്ടിമറിച്ചതാണ് നിർണായകമായത്. പിന്നീട്, ഇന്ന് നടന്ന നിർണായക മത്സരത്തിൽ കാനഡയേയും തറപറ്റിച്ച് റോക്കിങ് ആയി.

ക്രൊയേഷ്യയെ തളയ്ക്കുകയും ബെല്‍ജിയത്തെ 2-0ന് തോല്‍പ്പിക്കുകയും ചെയ്ത ആഫ്രിക്കക്കാര്‍ നല്ല ഫോമിലുമാണ്. ഹക്കീം സിയെച്ച്, അഷ്‌റഫി ഹക്കീമി തുടങ്ങി വമ്പന്‍ താരങ്ങളെല്ലാം ഫോമിലേക്ക് എത്തിയിരിക്കുന്നു. സിയെച്ച് ആണ് അവസാന മല്‍സരത്തിലെ ഹീറോ. കളിയാരംഭിച്ച് നാലാം മിനിറ്റിലാണ് ഹക്കീം സിയെച്ച് മൊറോക്കോക്കായി ആദ്യം വലംകുലുക്കിയത്.

1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനക്കാരായ മൊറോക്കോയുടെ പ്രീക്വാർട്ടർ പ്രവേശനവും 2ാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ പുറത്താകലുമാണ് ​ഗ്രൂപ്പ് എഫിലെ ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കുന്നത്. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരാണ് മൊറൊക്കോയുടെ എതിരാളികൾ.

നേരത്തെ എ ഗ്രൂപ്പിൽ നിന്ന് രണ്ട് ജയവുമായാണ് സെനഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചത്. കരുത്തരായ ഇംഗ്ലണ്ടാണ് സെനഗലിന് അടുത്ത മത്സരത്തിൽ എതിരാളികളായി വരിക. ഇന്ന് സിയെച്ച്ന്റെ ആദ്യ ​ഗോളിനു ശേഷം, 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസ്‍രിയുടെ ഗോളിലാണ് ലീ‍ഡുയര്‍ത്തിയത്.

‌40-ാം മിനിറ്റില്‍ മൊറോക്കോയുടെ നയിഫ് അഗ്വേര്‍ഡിന്‍റെ സെല്‍ഫ് ഗോളില്‍ കാനഡ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതെ മൊറോക്കോ കാനഡയെ പിടിച്ചു കെട്ടുകയായിരുന്നു.

Similar Posts