< Back
Sports
Mushfiqur Rahim

Mushfiqur Rahim

Sports

ഫുട്‌ബോൾ സ്‌കിൽ കൊണ്ട് കാര്യമില്ല! മുശ്ഫിഖു റഹീമിന്റെ വിക്കറ്റിൽ കണ്ണു തള്ളി ക്രിക്കറ്റ് ലോകം

Web Desk
|
27 Sept 2023 4:05 PM IST

ലോക്കി ഫെർഗൂസന്റെ പന്തിലാണ് മുശ്ഫിക് ഏറെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്

മിര്‍പൂര്‍: ഏഷ്യാ കപ്പിൽ നിന്ന് സെമി കാണാതെ പുറത്തായതിന് പിറകേ ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയും ബംഗ്ലാദേശിന് നഷ്ടമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സ്വന്തം മണ്ണിൽ കിവീസിന് മുന്നിൽ പരമ്പര അടിയറ വച്ചു. കഴിഞ്ഞ ദിവസം മിർപൂരിൽ വച്ചരങ്ങേറിയ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിനാണ് കിവികള്‍ ബംഗ്ലാദേശിനെ തകർത്തത്. 2008 ന് ശേഷം ഇതാദ്യമായാണ് ന്യൂസിലന്റ് ബംഗ്ലാദേശിൽ ഒരു പരമ്പര സ്വന്തമാക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ഏറെ നിർഭാഗ്യകരമായ രീതിയിൽ ഔട്ടായ ബംഗ്ലാദേശ് താരം മുശ്ഫിഖുറഹീമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ നിറയേ. ലോക്കി ഫെർഗൂസന്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മുശ്ഫിഖിന് പിഴക്കുകയായിരുന്നു. വിക്കറ്റ് വീഴാതിരിക്കാൻ പന്ത് കാല് കൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ച മുശ്ഫിഖിന്റെ ശ്രമം അമ്പേ പാളി. ഉയർന്ന് പൊങ്ങിയ പന്ത് സ്റ്റംബിലേക്ക് തന്നെ വീണു. താരത്തിന്റെ കാലും സ്റ്റംബിലിടിച്ചു. പന്ത് ബെയിൽസ് ഇളക്കിയില്ലായിരുന്നെങ്കിൽ വിചിത്രമായൊരു ഹിറ്റ് വിക്കറ്റായത് മാറിയേനെ. മുശ്ഫ്ഫിഖിന്‍റെ നിര്‍ഭാഗ്യകരമായ ഈ ഔട്ട് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി.

മത്സരത്തില്‍ വെറും 172 റണ്‍സിന് കൂടാരം കയറിയ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റും 15 ഓവറും ബാക്കി നില്‍ക്കേയാണ് കിവീസ് തറപറ്റിച്ചത്. വില്‍ യങ്സിന്‍റേയും ഹെന്‍റി നിക്കോള്‍സിന്‍റേയും അര്‍ധ സെഞ്ച്വറികള്‍ ന്യൂസിലന്‍റ് വിജയത്തിന് കരുത്ത് പകര്‍ന്നു.
Similar Posts