< Back
Sports
ലാൻഡോ നോറിസ് പുതിയ ഫോർമുല വൺ ലോകചാമ്പ്യൻ
Sports

ലാൻഡോ നോറിസ് പുതിയ ഫോർമുല വൺ ലോകചാമ്പ്യൻ

Sports Desk
|
7 Dec 2025 9:20 PM IST

അബൂദബി: കന്നി കിരീടത്തിൽ മുത്തമിട്ട് ലാൻഡോ നോറിസ്. അബൂദബി ഗ്രാൻപ്രീയിൽ പോഡിയം നേടിയതോടെ നോറിസ് 423 പോയിന്റോടെ 2025 ഫോർമുല വൺ ലോകചാമ്പ്യനായി. എഫ് വൺ ചരിത്രത്തിലെ 35ാം വ്യത്യസ്ത ലോകചാമ്പ്യനായി നോറിസ് മാറി. അവസാന റേസിൽ ജയിച്ചെങ്കിലും നോറിസ് മൂന്നാമത് എത്തിയതോടെ വേർസ്റ്റാപ്പന് കിരീടം നഷ്ടമായി. ഓസ്കർ പിയാസ്ട്രി റെയ്‌സിൽ രണ്ടാമതും ചാമ്പ്യൻഷിപ്പിൽ മൂന്നാമതും ഫിനിഷ് ചെയ്തു.

സീസണിൽ ഏഴ് ജയങ്ങളും 18 പൊടിയങ്ങളുമാണ് ബ്രിട്ടീഷ് താരം നേടിയത്. സീസന്റെ പകുതി വരെ ചാംപ്യൻഷിപ് ലീഡ് ചെയ്തിരുന്നത് നോറിസിന്റെ സഹ താരം ഓസ്കർ പിയാസ്ട്രിയായിരുന്നു. തുടർന്നുണ്ടായ റെയ്‌സുകളിൽ പിയാസ്ട്രി വഴുതി വീഴുന്നതാണ് കണ്ടത്. ലാൻഡോ നോറിസും പിന്നീട് മാക്സ് വേർസ്റ്റാപ്പനും പിയാസ്ട്രിക്ക് മുകളിൽ കയറി. അഗസ്റ്റിലെ ഡച്ച് ഗ്രാൻഡ്പ്രീക്ക് ശേഷം വേർസ്റ്റാപ്പൻ ചാമ്പ്യൻഷിപ് ലീഡറായിരുന്ന പിയാസ്ട്രിയുമായി 104 പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. പിന്നീട നടന്ന ഒമ്പത് ഗ്രാൻഡ്പ്രീ റെയ്‌സുകളിൽ ആറ് ജയങ്ങളോടെ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും കിരീടം നേടാൻ മാത്രം വേർസ്റ്റപ്പന് കഴിഞ്ഞില്ല. 421 പോയിന്റുമായി വേർസ്റ്റപ്പന് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ശക്തവമായ രീതിയിൽ സീസൺ ആരംഭിച്ച മക്ലാരൻ ഒക്ടോബർ മാസത്തിൽ തന്നെ കോൺസ്റ്റ്‌ക്ടർസ് ചാമ്പ്യൻഷിപ്പ് നേടി. 833 പോയിന്റാണ് മക്ലാരൻ നിലവിലെ സീസണിൽ നേടിയത്.

ഗ്രൗണ്ട് ഇഫക്ട് കാറുകളുടെ ഈ യുഗത്തിനോട് ഫോർമുല വൺ ഇന്ന് വിട പറയുകയും ചെയ്തു. 2021 മുതലാണ് ഈ നിയമങ്ങൾ നിലവിൽ വന്നത്. റെഡ് ബുളിനായിരുന്നു ഗ്രൗണ്ട് ഇഫക്ട് കാറുകളിൽ കൂടുതൽ ജയങ്ങൾ നേടാനായത്. മാക്സ് വേർസ്റ്റാപ്പൻ നാല് തവണയാണ് ഈ കാലയളവിൽ ചാമ്പ്യനായത്. അടുത്ത വർഷം മുതൽ നിരവധി മാറ്റങ്ങളാണ് ഫോർമുല വൺ കാറുകളിൽ കൊണ്ടുവരാൻ പോകുന്നത്.

Similar Posts