
കളിക്കിടെ സുവാരസിന്റെ ബൂട്ട് വലിച്ചെറിഞ്ഞ് എതിർതാരം; വിവാദം
|കഴിഞ്ഞ ദിവസം ക്രുസീറോക്കെതിരായ ഗ്രീമിയോയുടെ മത്സരത്തിനിടെ അരങ്ങേറിയ രസകരമായ സംഭവമാണിപ്പോള്‍ ഫുട്‌ബോൾ ലോകത്തെ ചർച്ചകളിൽ നിറയേ
റിയോ ഡീ ജനീറോ: മൈതാനത്ത് എക്കാലവും വിവാദങ്ങളുടെ കളിത്തോഴനാണ് ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസ്. മത്സരത്തിനിടെ എതിർതാരങ്ങളെ കടിച്ച് പരിക്കേൽപ്പിച്ചതുൾപ്പെടെ നിരവധി വിചിത്ര സംഭവങ്ങൾ താരത്തെ ചുറ്റിപ്പറ്റിയുണ്ട്. നിലവിൽ താരം ബ്രസീലിയൻ ക്ലബ്ബായ ഗ്രീമിയോക്കായാണ് പന്ത് തട്ടുന്നത്.
കഴിഞ്ഞ ദിവസം ക്രുസീറോക്കെതിരായ ഗ്രീമിയോയുടെ മത്സരത്തിനിടെ അരങ്ങേറിയ രസകരമായൊരു സംഭവമാണിപ്പോള്‍ ഫുട്‌ബോൾ ലോകത്തെ ചർച്ചകളിൽ നിറയേ. ക്രുസീറോ ഡിഫൻഡർ മർലോൺ സേവ്യറുടെ ഫൗളിൽ മൈതാനത്ത് വീണുകിടക്കുകയായിരുന്നു സുവാരസ്. ഫൗളിന്റെ വ്യാപ്തി റഫറിയെ ബോധ്യപ്പെടുത്താൻ സുവാരസ് ബൂട്ടഴിച്ച് നിലത്തിട്ടു.
ഇത് കണ്ട് താരത്തിനടുത്തെത്തിയ സേവ്യർ സുവാരസിന്റെ ബൂട്ടെടുത്ത് ഗ്രൗണ്ടിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സേവ്യറിന്റെ വിചിത്ര നടപടി സുവാരസിനെ ചൊടിപ്പിച്ചു. റഫറിയുടെ അടുക്കലേക്ക് ഓടിയെത്തിയ സുവാരസ് സേവ്യറിന് മഞ്ഞക്കാർഡ് വാങ്ങിക്കൊടുത്തിട്ടേ അടങ്ങിയുള്ളൂ. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
ഗ്രീമിയോ മറുമടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രുസീറോയെ തകർത്തു. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും കുറിച്ച സുവാരസ് തന്നെയായിരുന്നു മാൻ ഓഫ് ദ മാച്ച്