< Back
Sports
ഒൽമോയെ രജിസ്റ്റർ ചെയ്യാൻ പെരസ് ബാഴ്‌സയെ സഹായിച്ചു; വെളിപ്പെടുത്തലുമായി കാറ്റലോണിയ റേഡിയോ
Sports

'ഒൽമോയെ രജിസ്റ്റർ ചെയ്യാൻ പെരസ് ബാഴ്‌സയെ സഹായിച്ചു'; വെളിപ്പെടുത്തലുമായി കാറ്റലോണിയ റേഡിയോ

Web Desk
|
18 March 2025 5:02 PM IST

നാഷണൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിനെ നേരിട്ട് വിളിച്ച് ബാഴ്‌സയുടെ അപേക്ഷ സ്വീകരിക്കണമെന്ന് പെരസ് ആവശ്യപ്പെട്ടതായി കാറ്റലോണിയ റേഡിയോ പറഞ്ഞു

ഡാനി ഒൽമോയേയും പോ വിക്റ്ററിനേയും രജിസ്റ്റർ ചെയ്യാൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറണ്ടീനോ പെരസ് ബാഴ്‌സയെ സഹായിച്ചെന്ന് വെളിപ്പെടുത്തൽ. കാറ്റലോണിയ റേഡിയോയുടേതാണ് വെളിപ്പെടുത്തൽ. സൂപ്പർ കോപ്പ ഫൈനലിന് തൊട്ടു മുമ്പ് നാഷണൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിനെ നേരിട്ട് വിളിച്ച് ബാഴ്‌സയുടെ അപേക്ഷ സ്വീകരിക്കണമെന്ന് പെരസ് ആവശ്യപ്പെട്ടതായി കാറ്റലോണിയ റേഡിയോ പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ സമ്മർ ട്രാൻസ്ഫറിൽ എത്തിച്ച താരങ്ങളുടെ രജിസ്ട്രേഷൻ സ്ഥിരപ്പെടുത്താൻ ബാഴ്സക്കായിരുന്നില്ല. ഡിസംബർ 31ന് പെർമനന്റ് രജിസ്ട്രേഷൻ സമയപരിധി അവസാനിച്ചതോടെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ലാലീഗയുമെല്ലാം കടുത്തനടപടിയിലേക്ക് കടന്നു. ഇതോടെ ജനുവരിക്ക് ശേഷം ഈ രണ്ട് താരങ്ങളെയും കളത്തിലിറക്കാനാകാത്ത സ്ഥിതി വന്നു. ഇരു താരങ്ങളുടെയും ഭാവി തന്നെ അനിശ്ചിതത്വത്തിലായി.

ലാലീഗയിൽ വൻതിരിച്ചടി നേരിട്ടതോടെ അവസാന മണിക്കൂറിൽ ബാഴ്സ പ്രസിഡന്റ് ജോവാൻ ലപോർട്ടയും മാനേജ്മെന്റും ഉണർന്നെണീറ്റു. ഇരു താരങ്ങളുടേയും വിലക്ക് നീക്കാനായി കോടതിയിലേക്കാണ് പോയത്. ദിവസങ്ങളുടെ അഭ്യൂഹങ്ങൾക്ക് ശേഷം സ്പെയിൻ സ്പോർട്സ് കോർട്ട് ഒൽമോയേയും വിക്ടറിനേയും താൽകാലികമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി. ക്ലബും ലാലീഗയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനുമായുള്ള കേസ് തീർപ്പാകുന്നതുവരെയാണ് അനുമതി.

Similar Posts