
'23 കോടി വെള്ളത്തിലായി'; വെങ്കിടേഷ് അയ്യര്‍ക്ക് പൊങ്കാല
|സ്‌കോറുയർത്തേണ്ട നിർണായക ഘട്ടത്തിൽ ഇഴഞ്ഞു നീങ്ങിയ അയ്യരുടെ ബാറ്റിൽ നിന്ന് ഒറ്റ ബൗണ്ടറി പോലും ഇന്നലെ പിറന്നില്ല
ഐ.പി.എൽ 18ാം സീസണിൽ മുടന്തി നീങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ അഞ്ചിലും തോറ്റ കെ.കെ.ആർ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ 39 റൺസിന്റെ തോൽവിയാണ് കൊൽക്കത്ത വഴങ്ങിയത്.
കൊൽക്കത്തയുടെ തുടർ പരാജയങ്ങളിൽ ഏറ്റവും അധികം വിമർശനങ്ങളേറ്റു വാങ്ങുന്ന താരങ്ങളിൽ ഒരാൾ വെങ്കിടേഷ് അയ്യരാണ്. സീസണിന് മുമ്പ് മെഗാ താരലേലത്തിൽ 20 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടവരിലെ പ്രധാനിയായിരുന്നു വെങ്കിടേഷ്. 23.7 കോടിക്കാണ് കെ.കെ.ആർ ഇക്കുറി താരത്തെ ടീമിലെത്തിച്ചത്. എന്നാൽ അതിനുള്ള പ്രകടനമൊന്നും അയ്യരിൽ നിന്ന് ആരാധകർക്ക് കിട്ടിയില്ല.
ഇന്നലെ ഗുജറാത്തിനെതിരെയും താരം അമ്പേ പരാജയമായിരുന്നു. കൊൽക്കത്ത സ്‌കോർ 43 ൽ നിൽക്കേ ക്രീസിലെത്തിയ അയ്യർ 19 പന്തിൽ നിന്ന് ആകെ നേടിയത് 14 റൺസ്. സ്‌കോറുയർത്തേണ്ട നിർണായക ഘട്ടത്തിൽ ഇഴഞ്ഞു നീങ്ങിയ അയ്യരുടെ ബാറ്റിൽ നിന്ന് ഒറ്റ ബൗണ്ടറി പോലും പിറന്നില്ല.
ഇതോടെ ആരാധകർ താരത്തിനെതിരെ തിരിഞ്ഞു. സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനങ്ങളുയർന്നു. ശ്രേയസ് അയ്യരെ നിലനിർത്തേണ്ടതിന് പകരം വെങ്കിടേഷ് അയ്യരെ നിലനിർത്തിയത് മണ്ടൻ തീരുമാനമായെന്ന് പലരും കുറിച്ചു. എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ 25.5 ബാറ്റിങ് ആവറേജിൽ വെറും 129 റൺസാണ് വെങ്കിടേഷിന്‍റെ അക്കൗണ്ടിലുള്ളത്. വൻ തുക മുടക്കി ടീമിലെത്തിച്ച് അമ്പേ പരാജയമായ ലഖ്നൗ നായകൻ ഋഷഭ് പന്തിനെതിരെയും സമാനമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.