< Back
Sports
പ്രൈം വോളി:കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി കൊൽക്കത്ത തണ്ടർബോൾട്ട്‌സ്

പ്രൈം വോളിബോള്‍ ലീഗില്‍ ചൊവ്വാഴ്ച്ച നടന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്

Sports

പ്രൈം വോളി:കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി കൊൽക്കത്ത തണ്ടർബോൾട്ട്‌സ്

Web Desk
|
7 Oct 2025 10:35 PM IST

നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ മത്സരത്തിന്റെ തുടക്കത്തിൽ പിന്നിട്ടുനിന്നശേഷമായിരുന്നു കൊൽക്കത്തയുടെ ​തിരിച്ചുവരവ്.

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോൽപ്പിച്ച് കൊൽക്കത്ത തണ്ടർബോൾട്ട്‌സിന് സീസണിൽ ആദ്യജയം. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ മത്സരത്തിന്റെ തുടക്കത്തിൽ പിന്നിട്ടുനിന്നശേഷമായിരുന്നു കൊൽക്കത്തയുടെ ​ഗംഭീര തിരിച്ചുവരവ്. സ്‌കോർ: 12-15, 15-13, 15-6, 19-17.

പരിക്കേറ്റ ക്യാപ്റ്റൻ വിനിത് കുമാർ പുറത്തിരുന്നതിനാൽ മലയാളി താരം എറിൻ വർഗീസിനെ നായകനാക്കിയാണ് കൊച്ചി മൂന്നാം അങ്കത്തിനിറങ്ങിയത്. ​ഗോവയുമായുള്ള കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഹേമന്തിന്റെ തീപാറുന്ന സെർവുകളിലൂടെയാണ് തുടക്കം. കൊൽക്കത്തയുടെ നിരയിൽ നായകൻ അശ്വൽ റായി ഉത്തരവാദിത്തത്തോടെ കളംനിറഞ്ഞതോടെ ഇരുടീമുകളും പ്രാരംഭഘട്ടത്തിൽ ഒപ്പത്തിനൊപ്പം. മത്സരത്തിൽ പ്രതിരോധനിരയായിരുന്നു കൊച്ചിയുടെ ഏറ്റവും വലിയ തലവേദ​ന. ഈ ആനുകൂല്യം മുതലെടുത്ത കൊൽക്കത്തയുടെ മുന്നേറ്റനിര കൃത്യമായ ഇടവേളകളിൽ കൊച്ചിയുടെ കോർട്ടിലേക്ക് പന്തെത്തിക്കാനും മറന്നില്ല.

കൊച്ചിയുടെ അഭിഷേകിന്റെ സൂപ്പർ സെർവുകളും ക്യാപ്റ്റന്റെ പ്രകടനങ്ങളും ഒരു ഘട്ടത്തിൽ ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും അപ്രതീക്ഷിതമായ പിഴവുകളും കൊച്ചിക്ക് വിനയായി മാറുകയായിരുന്നു. കൊച്ചിയുടെ രണ്ടാം തോൽവിയാണിത്. പങ്കജ് ശർമയാണ് കളിയിലെ താരം. നാളെ (ബുധനാഴ്ച) വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്‌സ് ഡൽഹി തൂഫാൻസിനെ നേരിടും.

Similar Posts