< Back
Sports
ഒരു ജയമകലെ സ്വപ്നകിരീടം; പഞ്ചാബിനെ തകര്‍ത്ത് ആര്‍ സി ബി ഫൈനലില്‍
Sports

ഒരു ജയമകലെ സ്വപ്നകിരീടം; പഞ്ചാബിനെ തകര്‍ത്ത് ആര്‍ സി ബി ഫൈനലില്‍

Web Desk
|
29 May 2025 10:21 PM IST

ജയം എട്ട് വിക്കറ്റിന്

ചണ്ഡീഗഢ്: ഇനി ആ സ്വപ്‌ന കിരീടത്തിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം കൂടെ. ആർ.സി.ബി ആരാധകർ ഇപ്പോൾ ഈ സാല കപ് നംദേ എന്ന് മനസിലെങ്കിലും പറഞ്ഞ് തുടങ്ങിയിട്ടുണ്ടാവും. പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്ത് ആർ.സി.ബി ഐ.പി.എൽ ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 101 റൺസിന് എറിഞ്ഞിട്ട ബംഗളൂരു പത്തോവറിൽ കളി കയ്യിലാക്കുകയായിരുന്നു. ആർ.സി.ബിക്കായി ഫിൽ സാൾട്ട് അർധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു.

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ബംഗളൂരു നായകൻ രജത് പഠീധാറിന്റെ തീരുമാനങ്ങൾ ശരിവക്കും വിധമായിരുന്നു ബംഗളൂരു ബോളർമാരുടെ പ്രകടനം. പഞ്ചാബിനെ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ബോളർമാർ 14 ഓവറിൽ കാര്യം തീർത്തു. 26 റൺസെടുത്ത മാർകസ് സ്‌റ്റോയിനിസ് മാത്രമാണ് പഞ്ചാബിനായി അൽപമെങ്കിലും പൊരുതി നോക്കിയത്. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ കൂടാരം കയറി. ബംഗളൂരുവിനായി ഹേസൽവുഡും സുയാഷ് ശർമയും മൂന്ന് വിക്കറ്റ് വീതം പോക്കറ്റിലാക്കിയപ്പോൾ യാഷ് ദയാൽ രണ്ട് വിക്കറ്റ് പിഴുതു.

മറുപടി ബാറ്റിങ്ങിൽ ആർ.സി.ബിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. വിരാട് കോഹ്ലി നാലാം ഓവറിൽ പുറത്തായെങ്കിലും പിന്നീടെത്തിയ മായങ്ക് അഗർവാളിനേും രജത് പഠിധാറിനേയും കൂട്ട് പിടിച്ച് സാൾട്ട് ബംഗളൂരുവിനെ പത്തോവറിൽ വിജയ തീരമണച്ചു. സാൾട്ട് 27 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ആറ് ഫോറിന്റേയും അകമ്പടിയിൽ 56 റൺസാണെടുത്തത്.

Related Tags :
Similar Posts