< Back
Sports
ഗോൾവേട്ടക്കാരിൽ മുന്നിൽ; റെക്കോർഡിനൊപ്പം ക്രിസ്റ്റ്യാനോ
Sports

ഗോൾവേട്ടക്കാരിൽ മുന്നിൽ; റെക്കോർഡിനൊപ്പം ക്രിസ്റ്റ്യാനോ

Web Desk
|
24 Jun 2021 10:22 AM IST

ഇറാന്റെ ഇതിഹാസ താരം അലി ദായിയുടെ 109 ഗോൾ റെക്കോർഡ് മറികടക്കാൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കിനി ഒരു ഗോൾ മാത്രം മതി

ഒടുവിൽ ആ റെക്കോർഡും പഴങ്കഥയാക്കി പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം യൂറോകപ്പിൽ ഫ്രാൻസിനെതിരായ രണ്ട് പെനാൽറ്റി ഗോളോടെ രാജ്യാന്തര പുരുഷ ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് താരം. ഇറാന്റെ ഇതിഹാസ താരം അലി ദായിയുടെ 109 ഗോൾ റെക്കോർഡ് മറികടക്കാൻ ക്രിസ്റ്റിയാനോയ്ക്ക് ഇനിയൊരു ഗോൾ മാത്രം മതി.

ലോക ഫുട്‌ബോളിലെ റെക്കോർഡുകളുടെ തോഴനായി മാറിയ ക്രിസ്റ്റിയാനോ 176 മത്സരങ്ങളിൽനിന്നാണ് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 1993 മുതൽ 2006 വരെ ഇറാനു വേണ്ടി ബൂട്ടുകെട്ടിയ അലി ദായി 146 മത്സരങ്ങളിൽനിന്നാണ് റെക്കോർഡ് സ്വന്തമാക്കിയത്. രണ്ടു പതിറ്റാണ്ടോളം കാലം ആ റെക്കോർഡ് ആർക്കും ഭേദിക്കാനായിരുന്നില്ല. അതേസമയം ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള മലേഷ്യൻ ഹീറോ മുഖ്താർ ദഹരിക്ക് 89 ഗോളുമായി ബഹുദൂരം പിന്നിലാണുള്ളത്. 1985ൽ വിരമിച്ച മുഖ്താറിനു പിറകെ 1956ൽ കളിക്കളം വിട്ട ഹംഗറിയുടെ ഐക്കൺ താരം ഫെറെൻസ് പുസ്‌കാസ് 84 ഗോളുമായി നാലാം സ്ഥാനത്തുമുണ്ട്.

ഇത്തവണത്തെ യൂറോ പോരാട്ടത്തിൽ വേറെയും റെക്കോർഡുകൾ ക്രിസ്റ്റിയാനോ മറികടന്നിട്ടുണ്ട്. ജർമനിക്കെതിരായ ഗോളോടെ യൂറോ ചരിത്രത്തിലെ തന്നെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി താരം. പ്ലാറ്റിനിയുടെ ഒൻപത് ഗോളെന്ന റെക്കോർഡാണ് പഴങ്കഥയായത്. അതോടൊപ്പം യൂറോയിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച താരവുമായി കിസ്റ്റിയാനോ.

ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് പോർച്ചുഗൽ പ്രീക്വാർട്ടറിൽ കടന്നുകയറിയിരിക്കുന്നത്. ഗ്രൂപ്പ് എഫിലെ ജീവന്മരണപോരാട്ടത്തിൽ പോർച്ചുഗൾ ഫ്രാൻസിനെ രണ്ടു ഗോളിന് സമനിലയിൽ കുരുക്കി. ഫ്രാൻസിനു വേണ്ടി കരീം ബെൻസേമയും ഇരട്ടഗോൾ നേടി.

Similar Posts