< Back
Sports
റോണോ ഗോളിൽ പോർച്ചുഗൽ; ജർമനിയെ തകർത്ത് നാഷന്‍സ് ലീഗ് ഫൈനലിൽ
Sports

റോണോ ഗോളിൽ പോർച്ചുഗൽ; ജർമനിയെ തകർത്ത് നാഷന്‍സ് ലീഗ് ഫൈനലിൽ

Web Desk
|
5 Jun 2025 9:32 AM IST

പോര്‍ച്ചുഗലിന്‍റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

മ്യൂണിക്ക്: ജർമനിയെ തകർത്ത് പോർച്ചുഗൽ യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രാൻസിസ്‌കോ കോൺസെയ്‌സാവോ എന്നിവരാണ് പറങ്കിപ്പടക്കായി വലകുലുക്കിയത്. ഫ്‌ളോറിയാൻ വിർട്ട്‌സാണ് ജർമനിയുടെ സ്‌കോറർ.

കളിയിലെ മുഴുവൻ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 48ാം മിനിറ്റിൽ ജർമനിയാണ് ആദ്യം മുന്നിലെത്തിയത്. കിമ്മിച്ചിന്റെ അസിസ്റ്റിൽ വിർട്‌സിന്റെ ഹെഡ്ഡർ പറങ്കിക്കോട്ട പൊളിച്ചു. 63ാം മിനിറ്റിൽ പോർച്ചുഗലിന്റെ മറുപടിയെത്തി. മൈതാന മധ്യത്ത് വച്ച് റൂബൻ ഡിയാസിന്റെ കാലിൽ നിന്ന് പന്തേറ്റ് വാങ്ങി ഗോൾമുഖത്തേക്ക് കുതിച്ച കോൺസൈസാവോ പെനാൽട്ടി ബോക്‌സിന് മുന്നിൽ വച്ച് നിറയൊഴിച്ചു. 22 കാരന്റെ ഇടങ്കാലൻ വെടിയുണ്ട ജർമൻ വലതുളച്ചു.

അഞ്ച് മിനിറ്റിനികം ക്രിസ്റ്റിയാനോയുടെ വിജയഗോളുമെത്തി. ഇടതുവിങ്ങിലൂടെ പന്ത് പിടിച്ചെടുത്ത് കുതിച്ച നൂനോ മെൻഡെസ് പെനാൽറ്റി ബോക്‌സിലേക്ക് ഓടിക്കയറിയ റോണോക്ക് പന്ത് കൈമാറി. പന്ത് ഗോൾ വലയിലേക്ക് തട്ടിയിടേണ്ട ചുമതലയെ സൂപ്പർ താരത്തിന് ഉണ്ടായിരുന്നുള്ളൂ. ഇന്ന് നടക്കുന്ന ഫ്രാൻസ്- സ്‌പെയിൻ മത്സരത്തിലെ വിജയികളെ പോർച്ചുഗൽ കലാശപ്പോരിൽ നേരിടും. ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ നാഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. പ്രഥമ ടൂര്‍ണമെന്‍റിലെ വിജയികള്‍ പറങ്കിപ്പടയായിരുന്നു.

Similar Posts