< Back
Sports
santhosh trophy
Sports

സന്തോഷ് ട്രോഫി: ഗോവയോട് തോറ്റ് കേരളം

Web Desk
|
23 Feb 2024 10:02 PM IST

മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം

യുപിയ (അരുണാചൽ പ്രദേശ്): സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തെ തകർത്ത് ഗോവ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോവയുടെ ജയം.

ഇരു പകുതികളിലുമായി നെസിയോ ഫെർണാണ്ടസാണ് ഗോവക്ക് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ ഗോവ നാലു പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള സർവീസസിന് ആറ് പോയിന്റുണ്ട്.

മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. ആദ്യ മത്സരത്തിൽ കേരളം അസമിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു.

കേരളത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റിൽ തന്നെ അബ്ദുറഹീമിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു. 21ാം മിനിറ്റിൽ ക്യാപ്റ്റൻ നിജോ ഗിൽബർട്ട് പരിക്കേറ്റ് പിൻമാറി​യത് കേരളത്തിന് തിരിച്ചടിയായി. അക്ബർ സിദ്ദീഖാണ് പകരക്കാരനായി കളത്തിലെത്തിയത്.

ആദ്യ പകുതി അവസാനിക്കാൻ നിൽക്കവെയാണ് ഗോവയുടെ ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിലും കേരളം നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

58ാം മിനിറ്റിൽ ഗോവ വീണ്ടും വലകുലുക്കി. ശ്രീധർനാഥ് ഗവാസിന്റെ ഡയഗണൽ ബോൾ കേരള താരങ്ങളെ മറികടന്ന് ലക്ഷമൺ റാവു പിടിച്ചെടുത്തു. ഗോളി സിദ്ധാർഥിനെ കബളിപ്പിച്ച് റാവു പന്ത് നെസിയോക്ക് കൈമാറി. ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ച നെസിയ ടൂർണമെന്റിലെ മൂന്നാമത്തെ ഗോളാണ് നേടുന്നത്.

മറ്റു മത്സരത്തിൽ സർവീസസ് ആതിഥേയരായ അരുണാചൽ പ്രദേശിനെ 4-0ന് തകർത്തു. മേഘാലയക്കെതിരെ 2-1ന് അസം വിജയം കണ്ടു.

Similar Posts