< Back
Sports
പോളണ്ടിനെ തകർത്ത് സ്ലോവാക്യ
Sports

പോളണ്ടിനെ തകർത്ത് സ്ലോവാക്യ

Web Desk
|
15 Jun 2021 1:11 AM IST

യൂറോകപ്പിൽ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ പോളണ്ടിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്ലോവാക്യയ്ക്ക് വിജയം

കളിയിലുടനീളം മേധാവിത്വം പുലർത്തിയ പോളണ്ടിനെ തകര്‍ത്ത് യൂറോകപ്പില്‍ സ്ലോവാക്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഇ പോരാട്ടത്തിലാണ് പത്തുപേരിലേക്ക് ചുരുങ്ങിയ പോളണ്ട് പടയെ സ്ലോവാക്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.

പന്തടക്കത്തിലും ഷോട്ടുകളുടെ കൃത്യതയിലുമടക്കം മികച്ച പ്രകടനം കാഴ്ചവച്ച പോളണ്ടിന് 62-ാം മിനിറ്റിൽ ക്രൈകോവിയാക്കിനെ നഷ്ടമായി. രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് താരം പുറത്തായത്. തുടർന്ന് പത്തുപേരുമായാണ് പോളണ്ടിന് കളി പൂർത്തിയാക്കേണ്ടി വന്നത്.

18-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് സ്ലോവാക്യ മുന്നിലെത്തിയത്. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് പന്തുമായി പോളണ്ട് ബോക്‌സിലേക്ക് പാഞ്ഞുകയറിയ സ്ലോവാക്യയുടെ റോബർട്ട് മാക്ക് തൊടുത്ത ഷോട്ട് പോളണ്ട് ഗോൾകീപ്പർ സെസ്‌നിയുടെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ പോളണ്ട് ഗോൾ മടക്കി. മികച്ചൊരു മുന്നേറ്റത്തിലൂടെ മാസീസ് റിബസ് കൈമാറിയ പന്ത് കാരോൾ ലിനെറ്റ് ഉന്നം തെറ്റാതെ തന്നെ സ്ലോവാക്യൻ വലയിലെത്തിച്ചു. ഇതിനിടയില്‍ പത്തുപേരിലേക്ക് ചുരുങ്ങിയ പോളണ്ട് നിരയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച സ്ലോവാക്യ 69-ാം മിനിറ്റിൽ സ്‌ക്രിനിയറിലൂടെ ലീഡ് സ്വന്തമാക്കി. പിന്നീട് പല അവസരങ്ങളും തുറന്നുവന്നെങ്കിലും പോളണ്ടിന് സമനില പിടിക്കാനുമായില്ല.

Similar Posts