< Back
Sports
ലങ്ക പിടിക്കാന്‍ ഇന്ത്യൻ യുവസംഘം തിരിച്ചു
Sports

ലങ്ക പിടിക്കാന്‍ ഇന്ത്യൻ യുവസംഘം തിരിച്ചു

Web Desk
|
28 Jun 2021 8:11 PM IST

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ യുവസംഘം ശ്രീലങ്കയെ മൂന്നുവീതം ഏകദിനങ്ങളും ടി20 മത്സരങ്ങളിലും നേരിടും

ശ്രീലങ്കൻ പര്യടനത്തിനായി ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര കൊളംബോയിലെത്തി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ മുൻനിര താരങ്ങൾ ഇംഗ്ലണ്ട് പര്യടനം തുടരുന്നതിനിടെയാണ് കരുത്തുറ്റ രണ്ടാം നിരയുമായി ഇന്ത്യ ലങ്കയിലെത്തിയത്.

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ യുവസംഘം ശ്രീലങ്കയെ മൂന്നുവീതം ഏകദിനങ്ങളും ടി20 മത്സരങ്ങളിലും നേരിടും. ജൂലൈ 13ന് ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. ലങ്കയിലെത്തിയ വിവരം സൂചിപ്പിച്ച് നായകൻ ശിഖർ ധവാനും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനായി പോരാടുന്ന നിരവധി പേർ ശ്രീലങ്കൻ പരമ്പരയ്ക്കുള്ള സ്‌ക്വാഡിലുണ്ടെന്നും എല്ലാവർക്കും അവസരം നൽകുമെന്നും നേരത്തെ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു. ടി20 ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാനായി പോരാടുന്ന നിരവധി പേരുണ്ട്. എന്നാൽ, പരമ്പര വിജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

മുതിർന്ന താരം ഭുവനേശ്വർ കുമാറും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ഇന്ത്യൻ സംഘത്തിലുണ്ട്. ടീം സ്‌ക്വാഡ്: ശിഖർ ധവാൻ(നായകൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്ക്‌വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചഹൽ, രാഹുൽ ചഹാർ, കെ. ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ(ഉപനായകൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ. നെറ്റ് ബൗളർമാർ: ഇഷാൻ പൊറേൽ, സന്ദീപ് വാര്യർ, അർശ്ദീപ് സിങ്, സായ് കിഷോർ, സിമർജീത് സിങ്.

Similar Posts