< Back
Sports
ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ തഴഞ്ഞ സംഭവം; വിവാദങ്ങൾ ചൂടുപിടിക്കുന്നു
Sports

ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ തഴഞ്ഞ സംഭവം; വിവാദങ്ങൾ ചൂടുപിടിക്കുന്നു

Web Desk
|
19 Jan 2025 6:57 AM IST

സഞ്ജുവിനെ പരസ്യമായി വിമർശിച്ച കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സഞ്ജു സാംസന്റെ ആരാധകർ രംഗത്ത്

കോഴിക്കോട്: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കാത്തതിന് പിന്നാലെ ഉയർന്ന വിവാദം ചൂടുപിടിക്കുന്നു. സഞ്ജുവിനെ അതിരൂക്ഷമായി കടന്നാക്രമിച്ച് കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് ഇന്നലെ മീഡിയവണിലൂടെ രംഗത്ത് വന്നിരുന്നു. കെസിഎക്കെതിരെ സമൂഹമാധ്യമങ്ങളിൽ സഞ്ജു ആരാധകരും രംഗത്ത് വരികയാണ്. കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിൽ, സഞ്ജുവിന് വിജയ് ഹസാരെ ടീമിൽ ഇടം നൽകാമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനും പ്രതികരിച്ചു.

കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ നശിപ്പിക്കുന്നു എന്ന വിമർശനമുന്നയിച്ച് ശശി തരൂരാണ് വിവാദങ്ങളുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തരൂരിനെ പ്രതിരോധിച്ചും സഞ്ജു സാംസനെ കടന്നാക്രമിച്ചും കെസിഎ പ്രസിഡണ്ട് തന്നെ വിവാദങ്ങളുടെ പിച്ചിൽ പാഡുകെട്ടി. വിജയ് ഹസാരെ ക്യാമ്പിൽ സഞ്ജു എത്താതിരുന്ന സാഹചര്യങ്ങൾ വിശദീകരിച്ച, ജയേഷ് ജോർജ് അതിരൂക്ഷമായ ഭാഷയിലാണ് സഞ്ജുവിനെ നടപടികളെ വിമർശിച്ചത്.

എന്നാൽ മുൻപും ക്യാമ്പിൽ പങ്കെടുക്കാത്ത സാഹചര്യത്തിലും സഞ്ജു സാംസൺ കേരളത്തിനായി കളിച്ചിട്ടുണ്ടെന്നും, കെസിഎയുടെ അച്ചടക്ക നടപടികൾക്ക് യാതൊരു തരത്തിലും വിധേയനാകാത്തത്തിനാലും, ടീമിനൊപ്പം ചേരാനുള്ള താല്പര്യം പ്രകടിപ്പിച്ചത്തിരുന്നതിനാലും, വിജയ് ഹസാരെയിൽ സഞ്ജുവിനിടം നൽകാമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ പ്രതികരിച്ചു.

സഞ്ജുവിനെ പരസ്യമായി വിമർശിച്ച കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സഞ്ജു സാംസന്റെ ആരാധകരും രംഗത്ത് എത്തി. സമൂഹമാധ്യമങ്ങളിൽ കെസിഎ നിലപാട് തള്ളി, രൂക്ഷമായ ഭാഷയിലാണ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സഞ്ജു ആരാധകർ പ്രതികരിക്കുന്നത്.

Similar Posts