
മെൽബണിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; അഞ്ച് വിക്കറ്റ് നഷ്ടം
|ജയ്സ്വാളിന് അര്‍ധസെഞ്ച്വറി
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളിയവസാനിക്കുമ്പുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലാണ് ഇന്ത്യ. 82 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നോക്കിയത്.
ഓസീസ് ഉയർത്തിയ 474 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. മൂന്ന് റണ്ണെടുത്ത രോഹിതിനെ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. പിന്നീടെത്തിയ കെ.എൽ രാഹുൽ ജയ്സ്വാളിനൊപ്പം റണ്ണുയർത്താൻ ശ്രമമാരംഭിച്ചു. എന്നാൽ 15ാം ഓവറിൽ രാഹുലിന്റെ കുറ്റിതെറിപ്പിച്ച് കമ്മിൻസിന്റെ അടുത്ത പ്രഹരം. മൂന്നാമനായെത്തിയ കോഹ്ലിയെ കൂട്ടുപിടിച്ച് ജയ്‌സ്വാൾ ഇന്ത്യൻ സ്‌കോർ വേഗത്തിലുയർത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ സെഞ്ച്വറിക്കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
എന്നാല്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാൾ നിർഭാഗ്യത്തിന്റെ അകമ്പടിയില്‍ പുറത്തേക്ക്. കോഹ്ലിയും ജയ്‌സ്വാളും തമ്മിലെ ആശയക്കുഴപ്പം ജയ്‌സ്വാളിന്റെ റണ്ണൗട്ടിൽ ചെന്നാണ് കലാശിച്ചത്. തൊട്ടടുത്ത ഓവറിൽ കോഹ്ലിയെ ബോളണ്ട് കാരിയുടെ കയ്യിലെത്തിച്ചു. നൈറ്റ് വാച്ച്മാനായെത്തിയ ആകാശ്ദീപ് 13 പന്തിൽ സംപൂജ്യനായി മടങ്ങി. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആറ് റൺസുമായി റിഷഭ് പന്തും നാല് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഓസീസിനായി പാറ്റ് കമ്മിൻസും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം കീശയിലാക്കി.
സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി;കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഓസീസ്
തുടർച്ചയായ രണ്ടാം മത്സരത്തിലും സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ ബോക്‌സിങ് ഡേ ടെസ്റ്റിൽ ആതിഥേയർ കൂറ്റൻ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഒന്നാം ഇന്നിങ്‌സിൽ ഓസീസ് 474 റൺസെടുത്തു.
ആറ് വിക്കറ്റ് നഷ്ടത്തിൽ 311 എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഓസീസിനെ 400 കടത്തിയ ശേഷമാണ് സ്മിത്ത്- കമ്മിൻസ് ജോഡി വേർപിരിഞ്ഞത്. അർധ സെഞ്ച്വറിക്ക് ഒരു റണ്ണകലെ കമ്മിൻസിനെ ജഡേജ കൂടാരം കയറ്റി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സ്മിത്ത് തകർപ്പൻ ഫോമിലായിരുന്നു. ഇന്ത്യൻ ബോളർമാരെ കണക്കിന് പ്രഹരിച്ച സ്മിത്ത് 197 പന്തിൽ നിന്ന് 140 റൺസാണ് അടിച്ചെടുത്തത്. 13 ഫോറും മൂന്ന് സിക്‌സും മുൻ ഓസീസ് നായകന്റെ ബാറ്റിൽ നിന്ന് പ്രവഹിച്ചു.
മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് ടീം സ്‌കോർ 450 കടത്തിയ ശേഷമാണ് സ്മിത് ഗ്രൗണ്ട് വിട്ടത്. ആകാശ് ദീപിന്റെ പന്തിൽ ബൗൾഡായായിരുന്നു മടക്കം. 36 പന്തിൽ 15 റൺസെടുത്ത മിച്ചൽ സ്റ്റാർക്കിനെ ജഡേജ പുറത്താക്കി. നേഥൻ ലിയോണിനെ ബുംറ കൂടാരം കയറ്റിയതോടെ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു.
ഇന്ത്യക്കായി ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജാണ് ഓസീസ് ബാറ്റർമാരുടെ ചൂട് ആവോളമറിഞ്ഞത്. 23 ഓവറെറിഞ്ഞ സിറാജിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. താരം 122 റൺസ് വിട്ടു നൽകുകയും ചെയ്തു. 5.30 ആണ് സിറാജിന്‍റെ എക്കോണമി.