< Back
Sports
ലൈസൻസ് പോലുമില്ല? ബാബർ അസമിനെ പൊക്കി പാക് പൊലീസ്
Sports

ലൈസൻസ് പോലുമില്ല? ബാബർ അസമിനെ പൊക്കി പാക് പൊലീസ്

Web Desk
|
26 Sept 2023 6:00 PM IST

തന്റെ ഓഡി കാറിൽ പൊലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബാബറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

അമിത വേഗത്തിൽ വാഹനമോടിച്ചതിന് പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന് പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്ട്. സെപ്റ്റംബർ 17ന് ലാഹോർ ഗുൽബർഗ് ഏരിയയിൽ വച്ചാണ് താരത്തിന് പൊലീസ് പിഴയിട്ടത്. തന്റെ വെളുത്ത ഓഡി കാറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബാബറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. വാ‍ര്‍ത്ത പുറത്തുവന്നതിന് പിറകേ താരത്തെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പാകിസ്താൻ ചാനൽ ജിയോ ന്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം ബാബറിനെതിരെ രണ്ട് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക ഡ്രൈവിങ് ലൈസൻസില്ലാതെയാണ് താരം ഡ്രൈവ് ചെയ്തത്. അമിതവേഗതയിൽ താരം വാഹനമോടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 രൂപയാണ് ബാബര്‍ പിഴയടച്ചത്.

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ബാബർ അസമിന് നേരെ ഉയരുന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയോട് 228 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയ പാകിസ്താൻ നിർണായക മത്സരത്തിൽ ശ്രീലങ്കയോടും പരാജയപ്പെട്ടാണ് ഫൈനൽ കാണാതെ പുറത്തായത്.

ശ്രീലങ്കക്കെതിരായ തോൽവിക്ക് പിറകേ ബാബർ അസമും പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ ഡ്രസ്സിങ് റൂമിൽ വച്ച് വാക്കുതർക്കമുണ്ടായെന്നടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സീനിയര്‍ താരങ്ങളെ ബാബര്‍ വിമര്‍ശിച്ചതാണ് അഫ്രീദിയെ ചൊടിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തിരുത്തി പിന്നീട് അഫ്രീദി രംഗത്തെത്തി.

Similar Posts