
'അമ്പയറും ശമ്പളം വാങ്ങുന്നുണ്ട്,സമയം കൊടുക്കൂ'; ഇഷാൻ കിഷനെ ട്രോളി സെവാഗ്
|അമ്പയര്‍ ഔട്ട് വിധിച്ചപ്പോള്‍ റിവ്യൂവിന് മുതിരാതെ മൈതാനം വിട്ട ഇഷാന് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണിപ്പോള്‍
ഐ.പി.എല്ലിൽ ഇന്നലെ മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങൾ അരങ്ങേറി. ദീപക് ചഹാർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഇഷാൻ കിഷൻ പുറത്ത്. ലെഗ് സൈഡിലൂടെ വന്ന പന്ത് കീപ്പർ റിയാൻ റിക്കിൾട്ടന്റെ കയ്യിൽ ഭദ്രമായി വിശ്രമിച്ചു.
എന്നാൽ ആ പന്ത് ബാറ്റിൽ കൊണ്ടിരുന്നോ എന്ന കാര്യത്തിൽ പലരും സംശയമുന്നയിച്ചു. ആ സമയത്ത് മുംബൈ താരങ്ങൾ അപ്പീൽ പോലും ചെയ്തിരുന്നില്ല. പക്ഷെ ഇഷാൻ കിഷന് സംശയമൊന്നുമുണ്ടായിരുന്നില്ല. റിക്കിൾട്ടൺ ക്യാച്ചെടുത്ത ഉടൻ മൈതാനം വിടാൻ ഒരുങ്ങിയ ഇഷാനെ നോക്കിയാണ് അമ്പയർ പോലും കൈ ഉയർത്തിയത്. എന്നാൽ റീപ്ലേ ദൃശ്യങ്ങളിൽ പന്ത് ബാറ്റിൽ കൊണ്ടില്ലെന്ന് വ്യക്തമായിരുന്നു. റിവ്യൂവിന് പോലും മുതിരാതെ മൈതാനം വിട്ട ഇഷാന് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണിപ്പോള്‍.
മത്സര ശേഷം മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും ഇഷാനെ ട്രോളി രംഗത്തെത്തി. അമ്പയറും ശമ്പളം വാങ്ങുന്നുണ്ടെന്ന കാര്യം മറക്കരുതെന്നായിരുന്നു സെവാഗിന്റെ പ്രതികരണം.
''ഇഷാൻ കിഷന്റെ സത്യസന്ധത എനിക്ക് മനസിലാവുന്നില്ല. പന്ത് ബാറ്റിൽ കൊണ്ടിട്ടാണ് മടങ്ങിയതെങ്കിൽ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് എന്നെങ്കിലും നമുക്ക് അതിനെ വിളിക്കാം. എന്നാലിവിടെ പന്ത് ബാറ്റിൽ തൊട്ടിട്ടില്ല. ചില സന്ദർഭങ്ങളിൽ നമ്മുടെ മനസ് ശൂന്യമാവാറുണ്ട്. ഈ സമയത്ത് ഒരൽപം സാവകാശം കാണിക്കുക. അമ്പയർമാർക്ക് സമയം കൊടുക്കുക. അവരും ശമ്പളം വാങ്ങുന്നുണ്ടല്ലോ''- സെവാഗ് പറഞ്ഞു.