< Back
Sports
മഹാവൈഭവം; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം
Sports

മഹാവൈഭവം; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം

Web Desk
|
28 April 2025 11:21 PM IST

14 കാരന്‍ വൈഭവ് സൂര്യവംശിക്ക് സെഞ്ച്വറി

ജയ്പൂര്‍: ഒറ്റപ്പേര്.വൈഭവ് സൂര്യവംശി.ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസ് പടുത്തുയർത്തിയ റൺമല രാജസ്ഥാൻ കീഴടക്കിയത് ഒരു 14 കാരൻ പയ്യന്‍റെ മികവിലാണ്. ഐ.പി.എൽ ചരിത്രത്തിലെ പല റെക്കോർഡുകളും കടപുഴകിയ മത്സരത്തിൽ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ കുറിച്ചത്. ഗുജറാത്ത് ഉയർത്തിയ 210 റൺസ് വിജയ ലക്ഷ്യം നാലോവറും ഒരു പന്തും ബാക്കി നിൽക്കേ ആതിഥേയര്‍ മറികടന്നു.

വെറും 35 പന്തിൽ സെഞ്ച്വറി കുറിച്ച വൈഭവിന്റെ നിറഞ്ഞാട്ടമാണ് ജയ്പൂരിൽ ആരാധകര്‍ കണ്ടത്. ഇശാന്ത് ശർമ മുതൽ കരീം ജന്നത്ത് വരെയുള്ള ബോളര്‍മാര്‍ വൈഭവിന്‍റെ ബാറ്റിന്‍റെ ചൂട് ആവോളമറിഞ്ഞു. 11 സിക്‌സും ഏഴ് ഫോറും വൈഭവിന്റെ ഇന്നിങ്സിന് മിഴിവേകി. ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്ന് ജയ്പൂരിൽ പിറന്നത്.

നേരത്തേ അർധ സെഞ്ച്വറി കുറിച്ച ശുഭ്മാൻ ഗില്ലിന്റേയും ജോസ് ബട്‌ലറുടേയും കരുത്തിലാണ് ഗുജറാത്ത് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഗിൽ 50 പന്തിൽ 84 റൺസടിച്ചെടുത്തപ്പോൾ ബട്‌ലർ 26 പന്തിൽ 50 റൺസടിച്ചെടുത്തു.

മറുപടി ബാറ്റിങ്ങിൽ വൈഭവും ജയ്‌സ്വാളും ആദ്യ ഓവർ മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ഇശാന്ത് ശർമയെറിഞ്ഞ നാലാം ഓവറിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റൺസാണ് വൈഭവ് അടിച്ചെടുത്തത്. അടുത്ത ഓവർ എറിയാനെത്തിയ വാഷിങ്ടൺ സുന്ദറിനും കിട്ടി കണക്കിന് തല്ല്. ആ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ വൈഭവ് 17 പന്തിൽ ഫിഫ്റ്റി കുറിച്ചു.

കരിം ജന്നത്തെറിഞ്ഞ പത്താം ഓവറിൽ വൈഭവിന്റെ വെടിക്കെട്ടായിരുന്നു. മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം ആ ഓവറിൽ അടിച്ച് കൂട്ടിയത് 30 റൺസ്. ഒടുവിൽ റാഷിദ് ഖാനെറിഞ്ഞ 11ാം ഓവറിലെ രണ്ടാം പന്ത് ഗാലറിയിലെത്തിച്ച് സെഞ്ച്വറി.

രാജസ്ഥാൻ നിരയിൽ വൈഭവിന് മികച്ച പിന്തുണ നൽകിയ യശസ്വി ജയ്‌സ്വാൾ അർധ സെഞ്ച്വറി കുറിച്ചു. 40 പന്തിൽ 70 റൺസാണ് യശസ്വിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 166 റണ്‍സാണ്. അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ റിയാൻ പരാഗ് രാജസ്ഥാനെ വിജയതീരമണച്ചു. 15 പന്തിൽ 32 റ്ൺസുമായി പരാഗ് പുറത്താവാതെ നിന്നു. വൈഭവ് സൂര്യവംശിയാണ് കളിയിലെ താരം.

Similar Posts