
വിക്കറ്റിന് പിന്നാലെ ബ്രെവിസിനോട് കേറിപ്പോവാൻ ആംഗ്യം കാണിച്ചു; ചക്രവര്‍ത്തിക്ക് എട്ടിന്‍റെ പണി
|പിഴക്ക് പുറമേ ഡീ മെറിറ്റ് പോയിന്‍റും
ചെന്നൈ സൂപ്പർ കിങ്‌സ് താരം ഡെവോൾഡ് ബ്രെവിസിന്റെ വിക്കറ്റ് നേട്ടം അതിരുവിട്ട് ആഘോഷിച്ച കൊൽക്കത്ത ബോളർ വരുൺ ചക്രവർത്തിക്ക് വൻ തുക പിഴ ഈടാക്കി ബി.സി.സി.ഐ. മാച്ച് ഫീയുടെ 25 ശതമാനം താരം പിഴയൊടുക്കേണ്ടി വരും.
കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരെ ചെന്നൈയുടെ ചേസിങ്ങിന് നേതൃത്വം കൊടുത്തത് ബ്രെവിസാണ്. 25 പന്തിൽ 52 റൺസെടുത്ത് നിൽക്കേയാണ് താരത്തെ വരുൺ ചക്രവർത്തി വീഴ്ത്തിയത്. ഉടൻ ഗ്രൗണ്ട് വിട്ട് പോവാൻ ബ്രെവിസിനോട് വരുൺ ആംഗ്യം കാണിച്ചു.
ഈ അതിരുവിട്ട ആഘോഷം ബി.സി.സി.ഐ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന് പിഴ വിധിച്ചത്. ലെവൽ വൺ നിയമലംഘനമാണ് വരുൺ നടത്തിയിട്ടുള്ളത് എന്ന് ബി.സി.സി.ഐ അറിയിച്ചു.
ബി.സി.സി.ഐ കോഡ് ഓഫ് കണ്ടക്ട് ആർട്ടിക്കിൾ 2.5 പ്രകാരം പുറത്തായി മടങ്ങുന്ന ബാറ്റർമാർക്കെതിരെ പ്രകോപനപരമായ ആഘോഷ പ്രകടനം നടത്തുന്നത് നിയമലംഘനമാണ്. വരുണിന് ഒരു ഡീമെറിറ്റ് പോയിന്‍റും ലഭിക്കും. മത്സരത്തിൽ ചെന്നൈ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു.