< Back
Sports
എതിരാളികളെ ചൊറിയുന്ന കാര്യത്തിൽ കോലി കഴിഞ്ഞേ ആരുമുള്ളൂ; തുറന്ന് സമ്മതിച്ച് ടിം പെയിൻ
Sports

എതിരാളികളെ 'ചൊറിയുന്ന' കാര്യത്തിൽ കോലി കഴിഞ്ഞേ ആരുമുള്ളൂ; തുറന്ന് സമ്മതിച്ച് ടിം പെയിൻ

Web Desk
|
16 May 2021 5:50 PM IST

ഓസീസ് ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റും കമന്റേറ്റർ ടിം ഗോസേജും ചേർന്നു നടത്തുന്ന 'ഗില്ലി ആൻഡ് ഗോസ് ' പോഡ്കാസ്റ്റ് പരിപാടിയിലാണ് ഓസീസ് നായകൻ മനസു തുറന്നത്

എതിരാളികളെ ചൊറിയുന്ന കാര്യത്തിൽ ലോകത്തെ ഏറ്റവും മികച്ച താരമാണ് വിരാട് കോലിയെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയിൻ. ഇന്ത്യയുടെ 2018-19 ഓസീസ് പര്യടനത്തിൽ കോലിയുമായി ഗ്രൗണ്ടിൽ വച്ചുണ്ടായ കശപിശ ഓർത്തെടുക്കുകയായിരുന്നു പെയിൻ.

ഓസീസ് ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റും കമന്റേറ്റർ ടിം ഗോസേജും ചേർന്നു നടത്തുന്ന 'ഗില്ലി ആൻഡ് ഗോസ് ' പോഡ്കാസ്റ്റ് പരിപാടിയിലാണ് ഓസീസ് നായകൻ മനസു തുറന്നത്. വിരാട് കോലിയെപ്പോലുള്ള ഒരു താരം സ്വന്തം ടീമിലുണ്ടാകാൻ എപ്പോഴും ആഗ്രഹിക്കുന്നതാണെന്നും ഇക്കാര്യം താന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണെന്നും പെയിൻ കൂട്ടിച്ചേർത്തു.

മത്സരബുദ്ധിയുള്ള താരമാണ് കോലി. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. എതിരാളികളെ വെല്ലുവിളിക്കുന്നതാണ് കോലിയുടെ സ്വഭാവം. ഗ്രൗണ്ടിലെത്തിയാൽ പ്രകോപിപ്പിച്ചും ശല്യപ്പെടുത്തിയും എതിരാളികളെ അസ്വസ്ഥരാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ കോലിക്ക് വലിയ മിടുക്കുണ്ടെന്നും പെയിൻ അഭിപ്രായപ്പെട്ടു.

വിരാട് കോലിയുടെ നേതൃത്വത്തിൽ 2018-2019 ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഓസീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു ഇത്. പരമ്പരയിൽ കോലിയും പെയിനും പലതവണ കൊമ്പുകോർത്തതും വാര്‍ത്തയായിരുന്നു.

Similar Posts