< Back
Sports
നിങ്ങളെന്തിനാണ് ചഹലിനെ രാജസ്ഥാന് വിട്ട് കൊടുത്തത്; ആര്‍.സി.ബി യെ പഴിച്ച് വാട്സണ്‍
Sports

'നിങ്ങളെന്തിനാണ് ചഹലിനെ രാജസ്ഥാന് വിട്ട് കൊടുത്തത്'; ആര്‍.സി.ബി യെ പഴിച്ച് വാട്സണ്‍

Web Desk
|
4 April 2024 10:05 AM IST

മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുണ്ട് ചഹല്‍

ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ലോക ക്രിക്കറ്റിലെ പേരുകേട്ട ബോളർമാർ പലരും ഐ.പി.എല്ലിൽ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റ് വേട്ടയില്‍ ചഹലിനെ മറികടക്കാൻ നാളിതുവരെ ഇവർക്കാർക്കുമായിട്ടില്ല. ഐ.പി.എല്ലിൽ മുമ്പ് മുംബൈ ഇന്ത്യൻസിനായും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും പന്തെറിഞ്ഞിട്ടുള്ള ചഹൽ ഇതുവരെ 193 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

183 വിക്കറ്റുള്ള ഡ്വെയിൻ ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ളത്. 2020 സീസൺ മുതൽ ഇങ്ങോട്ട് നാല് ഐ.പി.എൽ സീസണുകളിൽ മൂന്നിലും ചഹൽ 20 ലധികം വിക്കറ്റുകൾ തന്റെ പേരിൽ കുറിച്ചു. 2021 ൽ 18 വിക്കറ്റായിരുന്നു ചഹലിന്റെ സമ്പാദ്യം.

ഈ സീസണിലും പന്തു കൊണ്ട് തന്റെ മായാജാലം തുടരുകയാണ് താരം.മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുണ്ട് ഈ 33 കാരൻ. കഴിഞ്ഞ ദിവസം വാംഖഡെയിൽ മുംബൈക്കെതിരെ നാലോവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹൽ രാജസ്ഥാൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഈ നേട്ടത്തോടെ ഐ.പി.എല്ലിൽ മറ്റൊരു വലിയ നാഴികക്കല്ലിലും ചഹൽ തൊട്ടു. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് ചഹല്‍ തന്റെ പേരിലെഴുതിച്ചേർത്തത്. 20 തവണയാണ് ചഹൽ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. മുംബൈ പേസർ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്.

ഈ മത്സരത്തിന് ശേഷം മുൻ രാജസ്ഥാൻ താരമായിരുന്ന ഷെയിൻ വാട്‌സൺ ചഹലിനെ വാനോളം പുകഴ്ത്തി രംഗത്തെത്തി. 2021 ഐ.പി.എൽ താരലേലത്തിൽ ചഹലിനെ ടീമിൽ നിലനിർത്താതെ രാജസ്ഥാന് വിട്ടുനൽകിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കുറ്റപ്പെടുത്താനും വാട്‌സൺ മറന്നില്ല.

''ഐ.പി.എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ചഹൽ തുടരുന്ന സ്ഥിരതയാർന്ന പ്രകടനം നമ്മൾ ഇപ്പോഴും കണ്ടു കൊണ്ടേയിരിക്കുന്നു. റൺസ് വിട്ട് കൊടുക്കാൻ പിശുക്കു കാണിക്കുന്ന ചഹൽ എതിർ ടീമിലെ വലിയ ബാറ്റർമാരെയാണ് എപ്പോഴും കൂടാരം കയറ്റാറുള്ളത്. വർഷങ്ങളോളം അവനിതിങ്ങനെ തുടർന്ന് കൊണ്ടേയിരിക്കുന്നു. രാജസ്ഥാന്റെ ഭാഗ്യമാണ് അവൻ. മുംബൈക്കെതിരെ ഹർദിക് പാണ്ഡ്യയുടെ വിക്കറ്റാണവൻ വീഴ്ത്തിയത്. മത്സരത്തിലെ നിർണായക ഘട്ടത്തിലായിരുന്നു ആ വിക്കറ്റ്. റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനോട് എനിക്ക് ഇപ്പോഴും ചോദിക്കാനുള്ളത്.. ഇത്രയും മികച്ചൊരു താരത്തെ നിങ്ങളെന്തിനാണ് നഷ്ടപ്പെടുത്തിക്കളഞ്ഞത് എന്നാണ്''- വാട്‌സൺ പറഞ്ഞു.

2021 ൽ ആർ.സി.ബി തന്നെ ടീമിൽ നിർത്താതിരുന്നതിനെ കുറിച്ച് വൈകാരികമായി ചഹൽ അന്ന് ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. ഫ്രാഞ്ചസി തന്നെ എന്ത് വിലകൊടുത്തും ടീമിൽ നിലനിർത്തുമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാലവർ വാക്ക് പാലിച്ചില്ലെന്നുമായിരുന്നു ചഹലിന്റെ പ്രതികരണം.

''ലേലത്തിൽ എന്റെ പേരെത്തിയതും എനിക്ക് വലിയ ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. എന്ത് വിലകൊടുത്തും എന്നെ ടീമിൽ നിലനിർത്തുമെന്ന് എനിക്ക് ഫ്രാഞ്ചസി ഉറപ്പ് തന്നിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്നാണ് മാറിമറിഞ്ഞത്. രാജസ്ഥാൻ എന്നെ സ്വന്തമാക്കിയെന്ന വാർത്തയാണ് പിന്നീട് ഞാൻ കേൾക്കുന്നത്. എനിക്കാകെ ദേഷ്യം വന്നു. ആർ.സി.ബി കോച്ചുമാരോട് ഞാനേറെ കാലം മിണ്ടാതെ നടന്നു. ആർ.സി.ബിക്കെതിരെ രാജസ്ഥാനായി ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പോലും ഞാനാരോടും ഒന്നും മിണ്ടിയില്ല''- ചഹൽ അന്ന് മനസ്സ് തുറന്നത് ഇങ്ങനെയാണ്.

എന്നാലിപ്പോള്‍ രാജസ്ഥാനില്‍ ഏറെ സന്തുഷ്ടനാണ് ചഹല്‍. ടീമിലെ സഹതാരങ്ങളുമായി ഏറെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരത്തിന്‍റെ ട്രോള്‍ വീഡിയോകള്‍ ഇടക്കിടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസന്‍റെ ഉറ്റ സുഹൃത്തായ ചഹല്‍ മലയാളം സിനിമകളിലെ ഡയലോഗുകള്‍ പറഞ്ഞ് അഭിനയിച്ചൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷം വൈറലായിരുന്നു.

ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെയും എക്കാലത്തേയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ചഹൽ. എന്നാൽ നാളിത് വരെ താരം ഒരു ടി 20 ലോകകപ്പിൽ പോലും പന്തെറിഞ്ഞിട്ടില്ല. ജൂണിൽ ലോകകപ്പ് അരങ്ങേറാനിരിക്കെ ചഹലിന് സെലക്ടർമാരുടെ വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Similar Posts