< Back
Sports
ജയിലില്‍ ഡയറ്റ് അനുസരിച്ച് പ്രത്യേക ഭക്ഷണം വേണമെന്ന് സുശീല്‍ കുമാര്‍; കോടതിയുടെ മറുപടി ഇങ്ങനെ...
Sports

ജയിലില്‍ ഡയറ്റ് അനുസരിച്ച് പ്രത്യേക ഭക്ഷണം വേണമെന്ന് സുശീല്‍ കുമാര്‍; കോടതിയുടെ മറുപടി ഇങ്ങനെ...

Web Desk
|
10 Jun 2021 12:12 PM IST

രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ നേടിയ ഏക ഇന്ത്യക്കാരനായ സുശീൽ കുമാറിനെ സഹ ഗുസ്തി താരമായ സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്

ഡയറ്റ് അനുസരിച്ച് തനിക്ക് ജയിലില്‍ പ്രത്യേക ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരം സുശീല്‍ കുമാര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തളളി. ഇത് ആവശ്യമല്ല, ആഗ്രഹമാണ് എന്നാണ് സുശീല്‍ കുമാറിന് കോടതി നല്‍കിയ മറുപടി.

'ജയിലിലെ ദൈനംദിന ഭക്ഷണത്തിൽ, 2018ലെ ഡല്‍ഹി പ്രിസന്‍സ് റൂള്‍സിന്‍റെ കീഴില്‍ വരുന്ന ഒരു കുറവും ഉണ്ടെന്ന് പ്രതി/അപേക്ഷകന്‍ അവകാശപ്പെടുന്നില്ല. അതുവഴി, പ്രതി / അപേക്ഷകന് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നല്‍കുന്നതെന്ന് കോടതി കണ്ടെത്തുന്നു.' ഉത്തരവില്‍ കോടതി പറയുന്നു.

സഹ ഗുസ്തിക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുശീൽ കുമാർ ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. നിയമം തുല്യമായിരിക്കണം. അതില്‍ ഒരുപോലെ പരിഗണിക്കപ്പെടണം. കോടതി നിരീക്ഷിച്ചു. ഒമേഗ 3 ക്യാപ്‌സൂളുകൾ, പ്രീ-വർക്ക് ഔട്ട് സപ്ലിമെന്‍റുകൾ, മൾട്ടിവിറ്റമിൻ ഗുളികകൾ എന്നിവ തനിക്ക് നൽകണമെന്ന് സുശീല്‍ കുമാർ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ നേടിയ ഏക ഇന്ത്യക്കാരനായ സുശീൽ കുമാറിനെ സഹ ഗുസ്തി താരമായ സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് മാസത്തില്‍ ഒരു വാക്കേറ്റത്തെത്തുടർന്ന് കുമാറും കൂട്ടരും യുവ ഗുസ്തിക്കാരനായ സാഗർ ധങ്കറിനെയും രണ്ട് സുഹൃത്തുക്കളെയും മർദ്ദിച്ചുവെന്ന് പോലീസ് ആരോപിക്കുന്നു. ശേഷം ധങ്കര്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.

Related Tags :
Similar Posts