< Back
Tech
അൽബേനിയയിലെ എഐ മന്ത്രി ഗർഭിണി; ജന്മം നൽകാനൊരുങ്ങുന്നത് 83 എഐ കുഞ്ഞുങ്ങൾക്ക്

അല്‍ബേനിയന്‍ പ്രധാനമന്ത്രി എ.ഡി രമ- എഐ മന്ത്രി ഡിയെല്ല Photo-Reuters

Tech

അൽബേനിയയിലെ എഐ മന്ത്രി 'ഗർഭിണി'; ജന്മം നൽകാനൊരുങ്ങുന്നത് 83 എഐ കുഞ്ഞുങ്ങൾക്ക്

Web Desk
|
27 Oct 2025 11:59 AM IST

അൽബേനിയൻ പ്രധാനമന്ത്രി എ.ഡി രമ തന്നെയാണ് എഐ മന്ത്രിയുടെ 'വിശേഷങ്ങൾ' പങ്കുവെച്ചത്

ടിരാനെ: ലോകത്തിലെ ആദ്യ എഐ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മന്ത്രിയെ (ഡിയെല്ല) നിയമിച്ച് ചരിത്രം സൃഷ്ടിച്ച അല്‍ബേനിയ ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു.

എഐ മന്ത്രി ഗര്‍ഭിണിയാണെന്നും 83 എഐ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനൊരുങ്ങുകയാണെന്നുമാണ് പ്രഖ്യാപനം. രാജ്യത്തിന്റെ പ്രധാനമന്ത്രി എ.ഡി രമ തന്നെയാണ് എഐ മന്ത്രിയുടെ 'വിശേഷങ്ങള്‍' പങ്കുവെച്ചത്. ജർമ്മനിയിലെ ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിനെ (ബിജിഡി) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അല്‍ബേനിയ പ്രധാനമന്ത്രിയുടെ അവകാശവാദം.

"ഡിയെല്ലയുടെ കാര്യത്തിൽ ഞങ്ങള്‍ ഒരുപാട് റിസ്ക് എടുത്തു. അതൊക്കെ വളരെ ഭംഗിയായി നടന്നു. അങ്ങനെ ആദ്യമായി ഡിയെല്ല ഗർഭിണിയായി, 83 കുട്ടികളുമായി''- എ.ഡി രമ പറഞ്ഞു. അമ്മയുടെ സഹായിയായിട്ടാവും മക്കളുടെ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് സഹായിയായുക, അവിടെ നടക്കുന്ന കാര്യങ്ങളുടെ റെക്കോര്‍ഡ് കൈവശം വെക്കുക, അത് അംഗങ്ങളെ യഥാസമയം അറിയിക്കുക തുടങ്ങിയ ജോലികളും 'എഐ മക്കളുടെ' ചുമതലകളാണ്.

ഇനി, അംഗം പാര്‍ലമെന്റില്‍ ഇല്ലെങ്കില്‍ പോലും കാര്യങ്ങള്‍ പഠിച്ചെടുത്ത് അവരെ അറിയിക്കും. 2026 അവസാനത്തോടെ ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറയുന്നു.

അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നർത്ഥമാണ് ഡിയെല്ലക്ക്. പരമ്പരാഗത അൽബേനിയയുടെ വസ്ത്രം ധരിച്ച അൽബേനിയൻ മന്ത്രിസഭയിലെ പുതിയ അംഗമായായാണ് ഡിയെല്ലയെ പരിചയപ്പെടുത്തിയിരുന്നത്. സർക്കാറിന്റെ കരാറുകൾ, കമ്പനികൾക്ക് നൽകുക, പൊതുവായ ടെൻഡറുകൾക്ക് മേൽനോട്ടം വഹിക്കുക തുടങ്ങിയവയായിരുന്നു മന്ത്രിയുടെ വകുപ്പുകള്‍. ജനുവരിയിൽ ആദ്യമായി എഐ മന്ത്രി പ്രവർത്തിച്ച് തുടങ്ങിയതിന് ശേഷം ഇതുവരെ 36,000 സർക്കാർ രേഖകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും, ആയിരത്തോളം സേവനങ്ങൾ പ്ലാറ്റഫോം വഴി നൽകിയിട്ടുണ്ടെന്നും സർക്കാർ രേഖകൾ ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts