< Back
Tech
ആമസോണ്‍ 18000 പേരെ പിരിച്ചുവിടും; ജനുവരി 18 മുതല്‍ നടപടി
Tech

ആമസോണ്‍ 18000 പേരെ പിരിച്ചുവിടും; ജനുവരി 18 മുതല്‍ നടപടി

Web Desk
|
6 Jan 2023 6:12 PM IST

16 ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിലുള്ളത്

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പ് 18 മുതല്‍ നല്‍കി തുടങ്ങും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും പ്രധാനമായും പിരിച്ചുവിടലെന്നാണ് സൂചന. 18000ല്‍ അധികം പേരെ പിരിച്ചുവിടാന്‍ സാധ്യതയുള്ളതതായി ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജസി സൂചന നല്‍കി. ചെലവുചുരുക്കലിന്‍റെ ഭാഗമായാണ് പിരിച്ചുവിടല്‍ നീക്കം. 16 ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിലുള്ളത്. നേരത്തെ 10000 പേരെ പിരിച്ചുവിടുമെന്ന് കമ്പനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ എണ്ണത്തിലാണ് ഇപ്പോള്‍ വര്‍ധന വന്നിരിക്കുന്നത്. ദ്രുതഗതിയിലുള്ള നിയമനങ്ങള്‍ കമ്പനിയെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

18,000-ത്തിലധികം പേരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായും കമ്പനിയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ ഇത് ബാധിക്കുമെന്നും ആമസോണ്‍ സി.ഇ.ഒ ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു. ആമസോൺ സ്റ്റോറുകളിലും പി.എക്സ്.ടികളിലും ജോലി ചെയ്യുന്നവരെയാകും പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ആന്‍ഡി ജസി ബ്ലോഗിലൂടെ പറയുന്നു. പിരിച്ചുവിടലിനെ കുറിച്ചുള്ള വാര്‍ത്ത കമ്പനിക്കകത്ത് നിന്നും ആരോ പുറത്തെത്തിച്ചതിനാല്‍ വ്യക്തതക്ക് വേണ്ടിയാണ് ബ്ലോഗ് പോസ്റ്റ് എഴുതേണ്ടി വന്നതെന്നും ആന്‍ഡി ജസി പറഞ്ഞു.

പിരിച്ചുവിടല്‍ നടപടി നേരിട്ടവര്‍ക്ക് പിരിച്ചുവിടൽ വേതനം, ആരോഗ്യ ആനുകൂല്യങ്ങൾ, മറ്റ് ആവശ്യമായ പിന്തുണ എന്നിവ നല്‍കുമെന്നും സി.ഇ.ഒ വാഗ്ദാനം നല്‍കി. ആമസോണില്‍ നിന്നുള്ള രണ്ടാമത്തെ പിരിച്ചുവിടല്‍ നടപടി പ്രഖ്യാപനമാണ് സി.ഇ.ഒ നടത്തിയത്. നേരത്തെ ആമസോണ്‍ ഡിവൈസസ്, ബുക്ക് ബിസിനസ് എന്നിവയില്‍ നിന്നും നിരവധി പേരെ പിരിച്ചുവിട്ടിരുന്നു.

യു.എസില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളില്‍ രണ്ടാം സ്ഥാനമാണ് ആമസോണിനുള്ളത്. വാള്‍മാര്‍ട്ടിനാണ് ഒന്നാം സ്ഥാനം.

Related Tags :
Similar Posts