< Back
Tech
നെറ്റ്‌വര്‍ക്ക് സ്പീഡ് ഇനി പഴയത് പോലെയാകില്ല; ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍
Tech

'നെറ്റ്‌വര്‍ക്ക് സ്പീഡ് ഇനി പഴയത് പോലെയാകില്ല'; ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍

അൻഫസ് കൊണ്ടോട്ടി
|
1 Jan 2026 10:53 PM IST

പ്ലാനുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടെലികോം കമ്പനി

ഭാരത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. ജനപ്രിയമായ പ്ലാനുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടെലികോം കമ്പനി.

രാജ്യത്തുടനീളം വോയിസ് ഓവര്‍ വൈഫൈ അഥവാ വൈഫൈ കാളിങ് സര്‍വീസിന് ബിഎസ്എന്‍എല്‍ തുടക്കമിട്ടിരിക്കുന്നുവെന്നാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്ന പുതിയ സംവിധാനം. ഉപഭോക്താക്കള്‍ക്ക് അധിക ചാര്‍ജ് ഈടാക്കേണ്ടതില്ലാത്ത ഈ ആനുകൂല്യം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

വൈഫൈ കാളിങ് സര്‍വീസ് പ്രകാരം ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ഏത് വൈഫൈ നെറ്റ്‌വര്‍ക്കില്‍ തുടരുമ്പോഴും കോള്‍ ചെയ്യാനും സ്വീകരിക്കാനുമാകും. കൂടാതെ, വൈഫൈ കണക്ഷനിലായിരിക്കുമ്പോള്‍ മെസ്സേജ് അയക്കാനും സ്വീകരിക്കാനുമാകും.

ഓഫീസ്, വീട്, നിലവറ തുടങ്ങി മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ദുര്‍ബലമായിരിക്കുന്ന ഇടങ്ങളിലെ കണക്ടിവിറ്റി കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടിയാണ് പുതിയ ആനുകൂല്യം കൊണ്ടുവന്നിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി. ഇത്തരം സ്ഥലങ്ങളില്‍ വൈഫൈ കാളിങ് സൗകര്യത്തിലൂടെ ഒച്ചിഴയും വേഗത്തിലുള്ള നെറ്റ്‌വര്‍ക്കും കോള്‍ ചെയ്യുന്നതിലെ അപ്രായോഗികതയും ഒരു പരിധിവരെ മറികടക്കാനാകും.

ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് തീരെ ദുര്‍ബലമായിരിക്കുന്ന ഗ്രാമീണമേഖലയില്‍ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം പുതുതായി കൊണ്ടുവന്ന സംവിധാനം ഉപകാരപ്രദമാകുമെന്നാണ് കമ്പനിയുടെ കണക്കുക്കൂട്ടല്‍.

Similar Posts