< Back
Tech
Caitlin Kalinowski, Open AI robotics head resigned
Tech

പെൻ്റഗണ്‍ കരാറില്‍ പൊള്ളി ഓപ്പണ്‍ എഐ; റോബോട്ടിക്സ് വിഭാഗം മേധാവി രാജിവെച്ചു

ശരത് ലാൽ തയ്യിൽ
|
8 March 2026 6:38 PM IST

പ്രതിരോധ വകുപ്പിൻ്റെ രഹസ്യ ശൃംഖലകളില്‍ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറില്‍ ഓപ്പണ്‍ എഐ ഒപ്പുവച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു

വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണുമായി കരാറിലേര്‍പ്പെട്ടതിന് പിന്നാലെ എഐ സ്ഥാപനമായ ഓപ്പണ്‍ എഐയുടെ റോബോട്ടിക്സ് വിഭാഗം മേധാവി കെയ്റ്റ്ലിന്‍ കലിനോസ്‌കി രാജിവെച്ചു. പ്രതിരോധ വകുപ്പിന്റെ രഹസ്യ ശൃംഖലകളില്‍ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറില്‍ ഓപ്പണ്‍ എഐ ഒപ്പുവച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കരാര്‍ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ചാറ്റ് ജിപിടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റോബോട്ടിക്സ് വിഭാഗം മേധാവിയുടെ രാജി.

ഓപ്പണ്‍ എഐയുടെ റോബോട്ടിക്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഹാര്‍ഡ് വെയര്‍ വിഭാഗം മേധാവിയാണ് കെയ്റ്റ്ലിന്‍ കലിനോസ്‌കി. എഐക്ക് ദേശീയ സുരക്ഷയില്‍ സുപ്രധാന പങ്കുവഹിക്കാനാകുമെങ്കിലും, അമേരിക്കക്കാര്‍ക്ക് മേല്‍ നിയമപരമല്ലാത്ത നിരീക്ഷണത്തിന് ഉള്‍പ്പെടെ സാധ്യതയുള്ള കരാറിന് മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനോടും സംഘത്തിനോടും തനിക്ക് ബഹുമാനമുണ്ടെങ്കിലും പെന്റഗണുമായി എത്തിച്ചേര്‍ന്ന കരാര്‍ തിടുക്കത്തിലുള്ളതായിപ്പോയെന്ന് കലിനോസ്‌കി ലിങ്ക്ഡ്ഇന്നിലെ കുറിപ്പില്‍ പറയുന്നു.

എഐ സാങ്കേതികവിദ്യ നിരുപാധികമായി സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് എഐ സ്ഥാപനമായ ആന്ത്രോപ്പിക്കുമായുള്ള കരാറിന് പെന്റഗണ്‍ അനുമതി നിഷേധിച്ചത്. തങ്ങളുടെ സാങ്കേതികവിദ്യ ആളുകളെ നിരീക്ഷിക്കാനും, ഓട്ടോമേറ്റഡ് ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെടുത്താനും ഉപയോഗിച്ചേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് ആന്ത്രോപ്പിക്ക് പിന്മാറിയത്. തൊട്ടുപിന്നാലെ ആന്ത്രോപ്പിക്കിന്റെ എതിരാളികളായ ഓപ്പണ്‍ എഐ കരാര്‍ സ്വന്തമാക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഓപ്പണ്‍ എഐക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം വ്യാപകമായി. പ്രതിഷേധം ശക്തമായതോടെ സിഇഒ സാം ആള്‍ട്ട്മാന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആശയവിനിമയത്തിലെ പിഴവുകള്‍ കാരണമാണ് വിവാദം ശക്തമായതെന്നും കാര്യങ്ങള്‍ കൂടുതല്‍ തുറന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വന്‍തോതിലുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍എസ്എ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായുള്ള ഉപയോഗത്തിനും തങ്ങളുടെ സാങ്കേതികവിദ്യ അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

Similar Posts