< Back
Tech
‌ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞ് സമയം കളയേണ്ട..; പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്
Tech

‌ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞ് സമയം കളയേണ്ട..; പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

Web Desk
|
21 Nov 2025 11:55 AM IST

വലിയ പ്ലേലിസ്റ്റുകളിലെ ട്രാക്കുകൾ വേഗത്തിൽ കണ്ടെത്തി പ്ലേ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ വന്നിരിക്കുന്നത്

ഇഷ്ടപ്പെട്ട പാട്ടുകൾ കണ്ടെത്താൻ യൂട്യൂബ് മ്യൂസിക് പ്ലേലിസ്റ്റുകളിൽ ഇനി മണിക്കൂറുകളോളം തിരയണ്ട. പ്ലേലിസ്റ്റുകളിൽ നിന്ന് ആവശ്യമുള്ള ട്രാക്കുകൾ വേഗത്തിൽ കണ്ടെത്തി പ്ലേ ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. .

'Find in playlist' എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് മ്യൂസിക് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വലിയ പ്ലേലിസ്റ്റുകളിലെ ട്രാക്കുകൾ വേഗത്തിൽ കണ്ടെത്തി പ്ലേ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ വന്നിരിക്കുന്നത്. ഇനി മുതൽ പ്ലേലിസ്റ്റുകളിലെ പാട്ടുകൾ ഓരോന്നായി സ്ക്രോൾ ചെയ്ത് സമയം കളയേണ്ടി വരില്ല. പകരം ആവശ്യമുള്ള പാട്ടുകൾ അവയുടെ പേര് ഉപയോഗിച്ച് നേരിട്ട് സേർച്ച് ചെയ്യാനും വേഗത്തിൽ പ്ലേ ചെയ്യാനും നമുക്ക് സാധിക്കും.

നിലവിൽ ഈ ഫീച്ചർ വളരെ പരിമിതമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്കും എല്ലാ ഡിവൈസുകളിലും ഇത് ലഭ്യമായിട്ടില്ല. നിലവിൽ ഐഫോൺ ഉപയോക്താക്കളിൽ യൂട്യൂബ് മ്യൂസിക് ആപ്പിന്‍റെ 8.45.3 പതിപ്പ് ഉള്ളവർക്കാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. പ്ലേലിസ്റ്റ് പേജിലെ 'ഷഫിൾ പ്ലേ' എന്നതിന് താഴെയുള്ള ത്രീ-ഡോട്ട് മെനുവിൽ ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

എന്നാൽ ആൻഡ്രോയ്‌ഡ് ആപ്പിന് ഈ സവിശേഷത ഇതുവരെ ലഭ്യമായിട്ടില്ല. എല്ലാ ഐഫോൺ ഉപഭോക്താക്കൾക്കും ഇപ്പോള്‍ ഈ ഫീച്ചര്‍ ദൃശ്യമാകുന്നുമില്ല. ഏറ്റവും പുതിയ പതിപ്പ് ഉണ്ടെങ്കിലും ചില അക്കൗണ്ടുകൾക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളു. ആൻഡ്രോയ്‌ഡിനുള്ള ഫൈൻഡ് മൈ പ്ലേ ലിസ്റ്റ് ഫീച്ചര്‍ പുറത്തിറക്കുന്ന തീയതിയോ വിശാലമായ ഒരു റോൾഔട്ടോ യൂട്യൂബ് അധികൃതര്‍ പുറത്തിറക്കിയിട്ടില്ല.

ഫൈൻഡ് മൈ പ്ലേ ലിസ്റ്റ് ഫീച്ചര്‍ നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാം?

1. യൂട്യൂബ് മ്യൂസിക് ആപ്പിലെ ഏതെങ്കിലും പ്ലേലിസ്റ്റ് തുറക്കുക

2. മുകളിലുള്ള മൂന്ന് ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക

3. 'ഫൈൻഡ് മൈ പ്ലേ ലിസ്റ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക

4. തിരയൽ ബാറിൽ പാട്ടിന്‍റെ പേര് നൽകുക

5. റിസൾട്ടിൽ നിന്ന് ഒരു ഗാനം തിരഞ്ഞെടുത്ത് അത് പ്ലേ ചെയ്യുക

Similar Posts