< Back
Tech
facebook reach
Tech

ഫേസ് ബുക്കില്‍ കുത്തിട്ടാല്‍ റീച്ച് കൂടുമോ?

Web Desk
|
11 Jan 2023 2:36 PM IST

25 പേരുടെ പോസ്റ്റുകളേ കാണാൻ കഴിയൂ എന്ന പ്രചാരണത്തിൽ ഒരു വാസ്തവവുമില്ല

ഫേസ് ബുക്ക് പോസ്റ്റുകളുടെ റീച്ച് കുറയുന്നു എന്ന പരാതി എഫ്.ബി ഉപയോക്താക്കള്‍ ഇടയ്ക്കിടെ ഉന്നയിക്കാറുണ്ട്. ഈ പോസ്റ്റിലൊരു കുത്തിടൂ, കമന്‍റിടൂ, റീച്ച് കൂട്ടൂ എന്ന അഭ്യര്‍ഥന ഇടക്കിടെ പല ഉപയോക്താക്കളും നടത്താറുമുണ്ട്. ഇങ്ങനെ കുത്തിട്ടാല്‍ പോസ്റ്റുകളുടെ റീച്ച് കൂടുമോയെന്ന് പരിശോധിക്കാം.

'ഫേസ്ബുക്ക് അൽഗോരിതം മാറ്റിയിരിക്കുന്നു. നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവരുടെ പോസ്റ്റുകൾ കാണാനും കൂടുതൽ പേരിലേക്ക് പോസ്റ്റുകൾ എത്താനും നിങ്ങൾ ഈ പോസ്റ്റ് ലൈക്ക് ചെയ്ത് കമന്‍റോ കുത്തോ ഇടുക'- 2017ലാണ് ഈ കോപ്പി പേസ്റ്റ് വാക്കുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ഡിസംബറിൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റിന്‍റെ പരിഭാഷയാണ് വര്‍ഷങ്ങളായി ഇവിടെ പ്രചരിക്കുന്നത്.

ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതുകൊണ്ടോ കുത്തിട്ടതുകൊണ്ടോ ആരുടെയും ഫേസ് ബുക്ക് റീച്ച് കൂടില്ലെന്ന് ഫേസ് ബുക്ക് വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു- "ഇതില്‍ ഒരു വാസ്തവവുമില്ല. ഓരോ പോസ്റ്റും നിങ്ങളെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസ് ഫീഡിനെ ഞങ്ങള്‍ റാങ്ക് ചെയ്യുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കൂടുതലായി കാണാന്‍ കഴിയുന്ന വിധത്തില്‍ ചില അപ്ഡേറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും 25 പേരുടെ മാത്രം എന്ന് പരിമിതപ്പെടുത്തിയിട്ടില്ല".

അതേസമയം ഫേസ് ബുക്കില്‍ നമ്മുടെ സൌഹൃദ പട്ടികയിലുള്ള എല്ലാവരുടെയും എല്ലാ പോസ്റ്റുകളും നമുക്ക് കാണാന്‍ കഴിയാറില്ല എന്നതും വാസ്തവമാണ്. നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫേസ് ബുക്ക് കരുതുന്ന പോസ്റ്റുകളാണ് ഫീഡില്‍ വരുന്നത്. ഇത് ഫേസ് ബുക്ക് തീരുമാനിക്കുന്നത് എഫ്.ബിയിലെ നമ്മുടെ ആക്റ്റിവിറ്റിയുടെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തിയുടെ പോസ്റ്റുകളിൽ സ്ഥിരമായി കമന്‍റ് ചെയ്യുക, കമന്‍റുകൾക്ക് മറുപടി നൽകുക, വ്യക്തിയുടെ പ്രൊഫൈൽ തേടിപ്പിടിച്ച് പോയി കമന്‍റ് ചെയ്യുക, മെസഞ്ചറിൽ ചാറ്റ് ചെയ്യുക, പോസ്റ്റുകളിലും കമന്‍റുകളിലും മെൻഷൻ ചെയ്യുക എന്നിവയൊക്കെ ചെയ്താൽ പ്രസ്തുത വ്യക്തിയുമായി നിങ്ങളുടെ ഇന്‍ററാക്ഷൻ മെട്രിക്സ് കൂടുകയും അയാളുടെ പോസ്റ്റുകൾക്ക് ന്യൂസ് ഫീഡിൽ മുൻഗണന ലഭിക്കുകയും ചെയ്യുന്നു. അതായത് ഒരു പോസ്റ്റിലെ വെറുമൊരു കുത്തുകൊണ്ട് കാര്യമില്ല, സ്ഥിരമായ കൊടുക്കല്‍ വാങ്ങലുകള്‍ വേണമെന്ന് ചുരുക്കം.

കുടുംബത്തിലുള്ളവരുടെയും സുഹൃത്തുക്കളുടെയും 'അർഥവത്തായ' പോസ്റ്റുകൾ ഫീഡില്‍ കൂടുതലായി വരുമെന്ന് ഫേസ് ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാവാം 25 സുഹൃത്തുക്കളുടെ പോസ്റ്റുകളേ കാണാന്‍ കഴിയൂ എന്ന വ്യാജ പ്രചാരണത്തിന് വഴിവെച്ചതെന്ന് വാഷിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

"നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന പോസ്റ്റുകൾ ഞങ്ങൾ പ്രവചിക്കുന്നു. ഈ പോസ്റ്റുകൾ ഫീഡിൽ മുകളില്‍ വരുന്നു. നിങ്ങൾ ഷെയര്‍ ചെയ്യാനും പ്രതികരിക്കാനും ആഗ്രഹിച്ചേക്കാവുന്ന പോസ്റ്റുകളാണ് അങ്ങനെ വരുന്നത് — ഉദാഹരണത്തിന് സുഹൃത്തുക്കളുടെ ഉപദേശം തേടുന്ന പോസ്റ്റോ യാത്രയ്ക്ക് നിര്‍ദേശങ്ങള്‍ തേടുന്ന പോസ്റ്റോ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന വീഡിയോയോ ആയിരിക്കാം അത്"- എന്നാണ് ഫേസ് ബുക്കിന്‍റെ വിശദീകരണം.

അതേസമയം ഫേസ് ബുക്കില്‍ എന്തു കാണണം അല്ലെങ്കില്‍ എന്തു വായിക്കണം എന്ന കാര്യത്തില്‍ നമുക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. ആരുടെയെല്ലാം പോസ്റ്റുകള്‍ ആദ്യം കാണണമെന്ന് മുന്‍ഗണനാക്രമം ( സീ ഫസ്റ്റ് ലിസ്റ്റ്) തീരുമാനിക്കാം. ആരുടെയെങ്കിലും പോസ്റ്റുകള്‍ കാണാന്‍ ആഗ്രഹമില്ലെങ്കില്‍ സ്നൂസ് എന്ന ഓപ്ഷന്‍ ഉപയോഗിക്കുകയോ പോസ്റ്റുകള്‍ ഹൈഡ് ചെയ്യുകയോ ചെയ്യാം.

Summary- Facebook is not restricting your News Feed to 25 friends, no matter what a viral hoax claims

Related Tags :
Similar Posts