< Back
Gadgets
ഐഫോൺ 15 സീരീസ്: ചാർജിങ് മാറും, വിശദാംശങ്ങൾ പുറത്ത്
Gadgets

ഐഫോൺ 15 സീരീസ്: ചാർജിങ് മാറും, വിശദാംശങ്ങൾ പുറത്ത്

Web Desk
|
19 Aug 2023 11:23 AM IST

ആപ്പിളിന്റെ തനത് ലൈറ്റ്‌നിങ് കേബിളുകൾക്ക് പകരം യു.എസ്.ബി- ടൈപ്പ് സി പോർട്ടുകളാണ് പുതിയ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്

കാലിഫോർണിയ: ആപ്പിള്‍ ഐ-ഫോൺ പരമ്പരയിലെ പുതിയ മോഡൽ സെപ്തംബർ 12ന് അവതരിപ്പിക്കും. ഐഫോൺ 14നെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളോടെയാണ് ഐഫോൺ 15 മോഡലുകൾ എത്തുക. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിങ്ങനെയാകും 15 മോഡലുകളുടെ പേര്. നേരത്തെ പുറത്തുവന്നതാണെങ്കിലും ഏറ്റവും പ്രധാനമായ മാറ്റം ചാർജിങിലുള്ളതാണ്.

ആപ്പിളിന്റെ തനത് ലൈറ്റ്‌നിങ് കേബിളുകൾക്ക് പകരം യു.എസ്.ബി- ടൈപ്പ് സി പോർട്ടുകളാണ് പുതിയ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ താത്പര്യം കൂടി പരിഗണിച്ചാണ് ഈ മാറ്റം. എന്നാൽ ചാർജിങ്ങിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതിയ മോഡലില്‍ 35 വാട്ട് വരെ ഫാസ്റ്റ്ചാർജിങിനെ പിന്തുണക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് കാര്യമായ പുരോഗതയാണ് ചാർജിങിലൂടെ ഐഫോൺ 15 മോഡലുകളിലുള്ളത്.

ഐഫോൺ 14 പ്രോ 27 വാട്ടിന്റെയും ഐഫോൺ 14, 20 വാട്ടിന്റെയും ഫാസ്റ്റ് ചാർജിങ് ആയിരുന്നു. കഴിഞ്ഞ വർഷം ആപ്പിൾ 35വാട്ടിന്റെ ഡ്യുവൽ യു.എസ്.ബി ടൈപ്പ് സി പോർട്ട് പുറത്തിറക്കിയിരുന്നു. അതേസമയം ഐഫോണിനോടൊപ്പം മത്സരിക്കുന്ന സാംസങിന്റെ ഗ്യാലക്‌സി അൾട്രാ എസ്23, 45 വാട്ടിന്റെ ഫാസ്റ്റ് ചാർജിങാണ് നൽകുന്നത്. ഗൂഗിൾ പിക്‌സൽ 7 പ്രോ നൽകുന്നത് 23 വാട്ടിന്റേതും.

അതേസമയം കമ്പനി സർട്ടിഫൈ ചെയ്യുന്ന കേബിളുകളാണ് ആപ്പിൾ നൽകുക എന്നാണ് വിവരം. ഡൈാനിമിക് ഐലന്റ് ആണ് ആപ്പിൾ 15 മോഡലുകളുടെ പ്രത്യേകത. നിലവിൽ ഐഫോൺ 14 പ്രോ മോഡലുകളിലാണ് ഡൈനാമിക് ഐലന്റ് പ്രത്യേകത. അതേസമയം പുതിയ ഐഫോൺ പ്രോ മോഡലുകളിൽ എ17 ബയോണിക് പ്രൊസസറായിരിക്കും ഉപയോഗിക്കുക. എന്നാൽ 15ലും 15 പ്ലസിലും എ16 ബയോണിക് ചിപ്പ് ആയിരിക്കും.

Similar Posts