< Back
Tech
ബ്രസീലിലും തേർഡ് പാർട്ടി ആപ്പുകൾക്ക് വാതിൽ തുറന്ന് ആപ്പിൾ: ഇന്ത്യയിലും വരുമോ?
Tech

ബ്രസീലിലും തേർഡ് പാർട്ടി ആപ്പുകൾക്ക് വാതിൽ തുറന്ന് ആപ്പിൾ: ഇന്ത്യയിലും വരുമോ?

Web Desk
|
26 Dec 2025 11:59 AM IST

ആപ്പിള്‍ കാലങ്ങളായി പൂട്ടിവെച്ചിരുന്ന ഇടമാണ് 2026ല്‍ ബ്രസീലില്‍ തുറന്നുകൊടുക്കുന്നത്

വാഷിങ്ടണ്‍: ബ്രസീലിലെ ഐഫോൺ ഉപയോക്താക്കൾക്കും ഇനി ആപ് സ്റ്റോറിന് പുറത്തുനിന്നുള്ള തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്പിള്‍ കാലങ്ങളായി പൂട്ടിവെച്ചിരുന്ന ഇടമാണ് 2026ല്‍ ബ്രസീലില്‍ തുറന്നുകൊടുക്കുന്നത്. വൈകാതെ ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലും തേര്‍ഡ് പാര്‍ട്ടി ആപ്പിന്റ വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയായ CADE-യുമായി ഒപ്പുവെച്ച പുതിയ കരാറിലൂടെയാണ് ആപ്പിൾ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. 2026 ഓടെ ഈ മാറ്റങ്ങൾ ബ്രസീലിലെ ഐഫോണുകളിൽ നടപ്പിലാകും. യൂറോപ്യൻ യൂണിയന് പിന്നാലെയാണ് ഇപ്പോൾ ബ്രസീലിലും ആപ്പിളിന് തങ്ങളുടെ കർക്കശമായ നിയമങ്ങളിൽ അയവു വരുത്തേണ്ടി വന്നിരിക്കുന്നത്.

ലാറ്റിനമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ 'മെർക്കാഡോ ലിബ്രെ' 2022-ൽ നൽകിയ പരാതിയാണ് ആപ്പിളിനെതിരെ ഇത്തരമൊരു നീക്കത്തിന് ബ്രസീലിയൻ അധികൃതരെ പ്രേരിപ്പിച്ചത്. ആപ്പിൾ തങ്ങളുടെ കുത്തക വിപണിയിൽ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു പ്രധാന ആരോപണം. അനുമതിയായതോടെ മൂന്ന് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കാണ് ബ്രസീലില്‍ ഇതോടെ അവസാനമാകുന്നത്.

യൂറോപ്പിലും ജപ്പാനിലും തേഡ് പാർട്ടി ആപ്പ്സ്റ്റോറുകൾ ഉപയോഗിക്കാൻ ആപ്പിൾ അനുവാദം നൽകിയിട്ടുണ്ട്. ബ്രസീല്‍ ഉന്നയിച്ചത് പോലുള്ള ആശങ്ക തന്നെയാണ് യൂറോപ്പും ജപ്പാനും പങ്കുവെച്ചിരുന്നത്.

പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ പാടില്ല. പകരം, കൃത്യവും നിഷ്പക്ഷവുമായ വിവരങ്ങൾ മാത്രമേ മുന്നറിയിപ്പായി നൽകാവൂ എന്നും കരാറിൽ പറയുന്നു. തേഡ്പാർട്ടി ആപ്പുകൾക്ക് ഐഒഎസിൽ അനുവാദം നൽകുന്നത് ഉപകരണങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ രംഗത്തുവന്നിരുന്നു. എന്നാൽ ഒടുവിൽ കമ്പനി ബ്രസീൽ അധികൃതർക്ക് വഴങ്ങുകയായിരുന്നു.

അതേസമയം ഇന്ത്യയിലും ആപ്പിളിനെതിരെ നിയമപ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. 2024 ൽ ആപ്പ് വിപണിയിലെ തങ്ങളുടെ ആധിപത്യം ആപ്പിൾ ചൂഷണം ചെയ്തതായി ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Similar Posts