< Back
Mobile
ചാർജറില്ലാത്ത ഐഫോൺ വേണ്ട: വിലക്കുമായി ബ്രസീൽ, കനത്ത പിഴ
Mobile

ചാർജറില്ലാത്ത ഐഫോൺ വേണ്ട: വിലക്കുമായി ബ്രസീൽ, കനത്ത പിഴ

Web Desk
|
7 Sept 2022 1:02 PM IST

ഐഫോണിന്റെ പുതിയ മോഡൽ ഐഫോൺ 14 ഇന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനിരിക്കെയാണ് ഒരു രാജ്യം വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

ബ്രസീലിയ: ചാർജറില്ലാത്ത ഐഫോണുകൾ വിൽക്കേണ്ടെന്ന് ബ്രസീൽ. ഇതുസംബന്ധിച്ച നിർദേശം ബ്രസീൽ സർക്കാർ ആപ്പിൾ അധികാരികൾക്ക് നൽകി. ചാർജറില്ലാത്തതിനാൽ അപൂർണമായ ഉൽപ്പന്നമാണ് ഉപഭോക്താക്കൾക്ക് ആപ്പിൾ നൽകുന്നതെന്നാണ് ബ്രസീൽ നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. പിന്നാലെ 12.75 മില്യൺ യുഎസ് ഡോളർ പിഴ ബ്രസീൽ ഭരണകൂടം ചുമത്തുകയും ചെയ്തു.

ഐഫോൺ 12, പുതിയ മോഡലുകളുടെ വിൽപ്പന നിർത്തിവെക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിന്റെ പുതിയ മോഡൽ ഐഫോൺ 14 ഇന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനിരിക്കെയാണ് ഒരു രാജ്യം വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഫാർഔട്ട് എന്നാണ് ആപ്പിൾ തങ്ങളുടെ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താക്കൾക്കെതിരായ ബോധപൂർവമായ വിവേചനം എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിൽ ഐഫോണിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് ബ്രസീല്‍ വ്യക്തമാക്കുന്നത്.

കാർബൺ ബഹിർഗമനം കുറക്കാനാണ് ചാർജർ ഒഴിവാക്കിയതെന്നാണ് ആപ്പിൾ വിശദീകരിക്കുന്നത്. എന്നാൽ ഇക്കാര്യം സർക്കാർ തള്ളി. ഇതിന് തെളിവില്ലെന്നാണ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം ബ്രസീലിന്റെ വിലക്കിനോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബർ മുതൽ ആപ്പിളിനെതിരെ ബ്രസീൽ ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്. ചാർജറില്ലാതെ വിറ്റതിന്റെ പേരിൽ ബ്രസീൽ ഭരണകൂടം നേരത്തെയും ആപ്പിളിനെതിരെ പിഴ ചുമത്തിയിരുന്നു. എന്നിട്ടും കമ്പനി വിൽക്കൽ തുടർന്നു.

Related Tags :
Similar Posts