< Back
Mobile
iPhone 17
Mobile

മാറ്റങ്ങളോടെ ഐഫോൺ 17; ഡിസ്‌പ്ലെ മാറും, വരിക പുതിയ ടെക്‌നോളജി

Web Desk
|
9 Oct 2024 10:22 PM IST

2019 മുതൽ അതായത് ആപ്പിള്‍ 11 ഇറങ്ങിയത് മുതല്‍ പിന്തുടർന്നു വരുന്ന ഡിസൈന്‍ ആണ് 16ലും ഉപയോഗിച്ചിരിക്കുന്നത് .

ന്യൂയോർക്ക്: ഐഫോൺ 16 പരമ്പരയിലെ മോഡലുകളും അതിലടങ്ങിയതും ഇല്ലാത്തതുമായ ഫീച്ചറുകളൊക്കെയാണ് ടെക് ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടെയിലേക്ക് ഇതാ അടുത്ത വർഷം ഇറങ്ങാനിരിക്കുന്ന ഐഫോൺ 17നെക്കുറിച്ചുള്ള വാർത്തകളും വരുന്നു. ഐഫോൺ 'സ്ലിം' അല്ലെങ്കിൽ ഐഫോൺ 'എയർ' എന്ന പേരുള്ളൊരു മോഡലും കൂട്ടത്തിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കനം കുറഞ്ഞ ഈ മോഡലിനെക്കുറിച്ച് നേരത്തെ തന്നെ വാർത്തകളുണ്ട്.

വൻ മാറ്റങ്ങളോടെയാകും ഐഫോൺ 17 മോഡലുകള്‍ എത്തുക എന്ന് ഉറപ്പാണ്. അത് പറയാനുള്ള കാരണം ഐഫോൺ 16ന് വേണ്ടത്രെ ആവശ്യക്കാരില്ല എന്നതാണ്. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ആപ്പിൾ ഇന്റലിജൻസ് വൈകുന്നതാണ് ആവശ്യക്കാരെ കിട്ടാത്തതിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ അത് മാത്രമല്ല കാരണം. അതിലൊന്നാണ് ക്യാമറയിലുള്‍പ്പെടെ മാറാത്ത ഡിസൈന്‍.

2019 മുതൽ അതായത് ആപ്പിള്‍ 11 ഇറങ്ങിയത് മുതല്‍ പിന്തുടർന്നു വരുന്ന ഡിസൈന്‍ ആണ് 16ലും ഉപയോഗിച്ചിരിക്കുന്നത് . ഐഫോണ്‍ 13, 14 ഫോണുകളില്‍ നിന്ന് പോലും കാഴ്ചയില്‍ പ്രകടമായ മാറ്റങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഐഫോണ്‍ 16 സീരീസ് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നുമുണ്ട്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഏത് മോഡലാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. ഈയൊരു സാഹചര്യത്തിലാണ് ഡിസൈൻ ഒന്ന് മാറ്റിപ്പിടക്കാം എന്ന് കമ്പനി ആലോചിക്കുന്നത്. ക്യാമറയുടെ പൊസിഷനിൽ മാറ്റം വന്നാലും അത്ഭുതപ്പെടാനില്ല.

മറ്റൊരു വമ്പൻ മാറ്റം പ്രതീക്ഷിക്കുന്നത് ഡിസ്‌പ്ലെയിലാണ്. ആപ്പിൾ ഇതുവരെ ഉപയോഗിക്കാത്ത ഡിസ്‌പ്ലെയാണ് 17ലേക്ക് കൊണ്ടുവരുന്നത്. ടിഡിഡിഐ അതായത് ടച്ച് ആൻഡ് ഡിസ്‌പ്ലെ ഡ്രൈവർ ഇന്റഗ്രേഷൻ ടെക്‌നോളജിയാണ് ആപ്പിൾ കൊണ്ടുവരുന്നത്. തായ്‌വാനിലെ പ്രമുഖ ഡിസ്‌പ്ലേ നിര്‍മാതാക്കളായ നോവാടെക്ക് അടുത്തിടെ അവതരിപ്പിച്ച ഡിസ്‌പ്ലേയാണിത്. ഈ നൂതന ഡിസ്പ്ലേയിലൂടെ ഉപയോഗം ഒന്ന് കൂടി എളുപ്പമാകും. ഞൊടിയിടയില്‍ പ്രതികരിക്കുന്നതായി അനുഭവപ്പെടും. അതോടൊപ്പം ഡൈനാമിക് ഐലന്റിന്റെ വലിപ്പം കുറയ്ക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്.

ഈ ടെക്‌നോളജി വരുന്നതോടെ ഫോണിന്റെ കനം കുറയ്ക്കാനാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടാണ് സ്ലിം എന്ന് വിളിക്കുന്നത്. 17ലെ എല്ലാ മോഡലിലും ടിഡിഡിഐ വരുമോ എന്ന് പറയുന്നില്ല. ആപ്പിൾ ഇതുവരെ ഈ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിവലും ആപ്പിളുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ പങ്കുവെക്കുന്നവരെല്ലാം ഇക്കാര്യം പറയുന്നുണ്ട്.

മറ്റൊന്ന് 120 ഹെഡ്‌സിന്റെ റിഫ്രഷ് റേറ്റ് ആണ്. നേരത്തെ പ്രോ മോഡലുകൾക്ക് മാത്രമാണ് ഇത്രയും നൽകിയിരുന്നത്. ബേസ് മോഡലുകൾക്ക് 60 ഹെഡ്‌സിന്റെതായിരുന്നു. സുഗമമായ സ്ക്രോളിംഗും മെച്ചപ്പെട്ട വിശ്വല്‍ ക്ലാരിറ്റിയുമൊക്കെ ഇനി 17ന്റെ ബേസ് മോഡലുകളിലും വരും. ആപ്പിള്‍ ഉപയോക്താക്കള്‍ ഏറെനാള്‍ ആവശ്യപ്പെടുന്നതാണിത്. അതേസമയം സ്ലിം ആണെങ്കിലും വിലയില്‍ അതൊന്നും പ്രതീക്ഷിക്കേണ്ട. പ്രോ മാക്‌സിനേക്കാള്‍ വിലകൂടിയതായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Tags :
Similar Posts