< Back
Mobile
എയറിലാവാതെ നോക്കാൻ ഐഫോൺ 18 എയർ: ക്യാമറ മാറും, റിപ്പോർട്ടുകൾ ഇങ്ങനെ...

ഐഫോണ്‍ 17 എയര്‍ Photo-Apple

Mobile

എയറിലാവാതെ നോക്കാൻ ഐഫോൺ 18 എയർ: ക്യാമറ മാറും, റിപ്പോർട്ടുകൾ ഇങ്ങനെ...

Web Desk
|
7 Nov 2025 11:07 AM IST

ഐഫോണിന്റെ അടുത്ത വർഷത്തെ മോഡലിൽ പുതിയ മാറ്റങ്ങളോടെ ഐഫോൺ 18 എയർ എത്തുമെന്ന് റിപ്പോർട്ടുകൾ

വാഷിങ്ടൺ: ഐഫോൺ 17 മോഡലുകളെ വ്യത്യസ്തമാക്കിയത് അതിലെ എയർ മോഡൽ ആയിരുന്നു. സ്മാർട്ട്‌ഫോണുകളിലെ കനംകുറഞ്ഞ മോഡൽ എന്ന വിശേഷണവുമായാണ് എയറിനെ ആപ്പിൾ അവതരിപ്പിച്ചത്. കനം കുറവാണെങ്കിലും വിലയിലൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല.

ഇതിനിടെ ഐഫോൺ എയറിന് ആവശ്യക്കാരില്ലെന്നും താത്കാലികമായി നിർത്താൻ പോകുകയാണെന്നുമൊക്കെയുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ആപ്പിൾ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഐഫോണിന്റെ അടുത്ത വർഷത്തെ മോഡലിൽ പുതിയ മാറ്റങ്ങളോടെ ഐഫോൺ 18 എയർ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ രണ്ട് ക്യാമറകൾ 18 എയറിലുണ്ടാകും എന്നാണ്.

17 എയറിൽ ഒരൊറ്റ ക്യാമറയായിരുന്നു. 48 മെഗാപിക്‌സലിന്റെ അൾട്രാവൈഡ് സെൻസറും 48 മെഗാപിക്‌സലിന്റെ തന്നെ മെയിൻ സെൻസറും അടങ്ങുന്നതാകും ക്യാമറ സെറ്റ് അപ്പ്. ഫോട്ടോഗ്രാഫിയിലൊക്കെ കണ്ണുള്ളവർക്ക് ഈ കനം കുറഞ്ഞ മോഡൽ ഉപയോഗിക്കാമെന്ന് കണ്ടാണ് 18 എയറിനെ മാറ്റുന്നത്. രണ്ട് ക്യാമറകളുള്ള മോഡലിന്റേതെന്ന രീതിയിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്യാമറ മൊഡ്യൂൾ മാറുന്നതോടെ മറ്റു ഡിപാർട്‌മെന്റുകളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന ടിപ്സ്റ്റർ വ്യക്തമാക്കുന്നത്.

ഡിസൈനിലും ആപ്പിൾ കൈവെച്ചേക്കാമെന്നും പറയുന്നു. എന്നിരുന്നാലും കനം കുറവ് എന്ന പ്രത്യേകതയില്‍ നിന്നും ആപ്പിള്‍ മാറില്ല. അത് അങ്ങനെ തന്നെ നിലനിര്‍ത്തി കൂടുതല്‍ മികവോടെ എത്തിക്കാനാകും കമ്പനി ശ്രമിക്കുക. നേരത്തെ സൂചിപ്പിച്ചതുപോലെ, ഐഫോൺ 17എയർ സെപ്തംബറിലാണ് അവതരിപ്പിച്ചത്. അടിസ്ഥാന 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,19,900 രൂപയായിരുന്നു വില.

Similar Posts