< Back
Mobile
രാജ്യത്തുടനീളം 100 ആപ്പിൾ സ്റ്റോറുകൾ തുറക്കാൻ ടാറ്റ
Mobile

രാജ്യത്തുടനീളം 100 ആപ്പിൾ സ്റ്റോറുകൾ തുറക്കാൻ ടാറ്റ

Web Desk
|
13 Dec 2022 7:14 PM IST

500-600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറു സ്റ്റോറുകളായിരിക്കും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആരംഭിക്കുക.

മുംബൈ: രാജ്യത്തുടനീളം ആപ്പിൾ ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്ന 100 സ്‌റ്റോറുകൾ തുറക്കാനുള്ള പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. ഇതിനായി ക്രോമ സ്റ്റോർ ശൃംഖല നടത്തുന്ന ടാറ്റയുടെ ഉടമസ്ഥതിലുള്ള ഇൻഫിനിറ്റി റീട്ടെയിലുമായി ആപ്പിൾ കൈകോർക്കുന്നതായാണ് റിപ്പോര്‍ട്ട്. എക്ണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്.

500-600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറു സ്റ്റോറുകളായിരിക്കും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആരംഭിക്കുക. ഇന്‍ഫിനിറ്റി റീറ്റൈയ്ല്‍ ആണ് ഇന്ത്യയില്‍ ക്രോമ സ്റ്റോറുകള്‍ നടത്തുന്നത്. ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ സ്റ്റോറുകളേക്കാള്‍ ചെറുതായിരിക്കും ഇന്‍ഫിനിറ്റി റീറ്റൈയ്ല്‍ ആരംഭിക്കാനൊരുങ്ങുന്ന സ്റ്റോറുകള്‍.

ആപ്പിള്‍ പ്രീമിയം സ്റ്റോറുകള്‍ സാധാരണഗതിയില്‍ 1,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നവയാണ്. എന്നാല്‍ ഇത്രയും വിപുലമായ ഉല്‍പ്പന്നശ്രേണിയും സൗകര്യങ്ങളും ഇല്ലെങ്കിലും ഈ ചെറിയ സ്റ്റോറുകള്‍ ഐഫോണുകളും ഐപാഡുകളും വാച്ചുകളും വില്‍ക്കും. അതേസമയം ആപ്പിളിന്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോര്‍ മാര്‍ച്ചില്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിലവിൽ ഇന്ത്യയിൽ ഏകദേശം 160 ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളുണ്ട്. കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ ഐഫോൺ വിൽപ്പനയിൽ വമ്പൻ നേട്ടമുണ്ടാക്കിയ കമ്പനി, അവരുടെ സ്മാർട്ട്ഫോൺ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചനയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Tags :
Similar Posts