< Back
Tech
ആരുണ്ടെടാ എന്നോടു കളിക്കാന്‍? തിങ്കളാഴ്ച രാത്രി രാജാവായ ട്വിറ്റര്‍
Tech

ആരുണ്ടെടാ എന്നോടു കളിക്കാന്‍? തിങ്കളാഴ്ച രാത്രി രാജാവായ ട്വിറ്റര്‍

Web Desk
|
5 Oct 2021 7:25 AM IST

മൂന്നു പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായപ്പോള്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലരും ട്വിറ്ററിലാണ് എത്തിയത്

വാട്ട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി മൂന്നു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും പണിമുടക്കിയത് കുറച്ചൊന്നുമല്ല ലോകമെമ്പാടുമുള്ള സോഷ്യല്‍മീഡിയ ഉപയോക്താക്കളെ കുറച്ചൊന്നുമല്ല വലച്ചത്. ഈ സമയത്ത് മറ്റൊരു പ്ലാറ്റ്ഫോമായ ട്വിറ്ററിനെയാണ് ആളുകള്‍ ആശ്രയിച്ചത്. മൂന്നു പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായപ്പോള്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലരും ട്വിറ്ററിലാണ് എത്തിയത്. ആ സമയത്ത് ട്വിറ്റര്‍ തന്നെയായിരുന്നു രാജാവെന്നാണ് നെറ്റിസണ്‍സിന്‍റെ പക്ഷം.


തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവ തകരാറിലായത്. ഇന്‍റര്‍നെറ്റ് പണി തന്നതായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. ഫേസ്ബുക്ക് പേജ് ലോഡ് ചെയ്യുന്നില്ല, മെസഞ്ചറില്‍ സന്ദേശം അയക്കാന്‍ സാധിക്കുന്നില്ല. വാട്ട്സാപ്പിലും സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല, ഇന്‍സ്റ്റഗ്രാം ഫീഡ് പുതുക്കാന്‍ കഴിയുന്നില്ല എന്നിവയായിരുന്നു പ്രശ്നങ്ങള്‍. പലരും പരാതിയുമായി രംഗത്തെത്തിയതോടെ ഈ സാമൂഹ്യമാധ്യമങ്ങളുടെ അധികൃതര്‍ ട്വിറ്ററിലൂടെ പ്രവര്‍ത്തനം തടസപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു.


ഈ സമയത്ത് ഉപയോക്താക്കള്‍ പലരും ട്വിറ്ററിലേക്ക് ചേക്കേറുകയായിരുന്നു. ''വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും വീണ്ടും പ്രവർത്തനരഹിതമായി, ലോകം ഇപ്പോൾ ട്വിറ്ററിലേക്ക് മാറുന്നു'' നെറ്റിസണ്‍സ് ട്വീറ്റ് ചെയ്തു. ഒപ്പം ട്വിറ്ററിനെ ചേര്‍ത്തു പിടിക്കുന്ന കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടു. ''ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമാണ്. എന്താണ് സംഭവിച്ചത് ? ഇപ്പോൾ, ട്വിറ്റർ രാജാവാണ്'' ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍. പെന്‍ഗ്വിന്‍റെ രൂപത്തില്‍ തലയില്‍ കൈവച്ചു നില്‍ക്കുന്ന വാട്ട്സാപ്പ്,ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാമിന്‍റെയും രാജാവായി നില്‍ക്കുന്ന ട്വിറ്ററിന്‍റെയും രൂപത്തിലുള്ള ട്രോളുകള്‍ ട്വിറ്ററിലൂടെ തന്നെ പറന്നു.


എന്തായാലും ഈ മൂന്നു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെയും തടസം നീങ്ങിയപ്പോഴാണ് പലരുടെയും ശ്വാസം നേരെ വീണത്. ഇന്ത്യന്‍സമയം പുലര്‍ച്ചെ നാലുമണിയോടെയാണ് ഫേസ്ബുക്ക് പഴയ പോലെയായത്. അതിനിടെ ഫേസ്ബുക്ക് ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.


Related Tags :
Similar Posts