< Back
Tech
ചൈന കളിക്കുമോ? രാജ്യത്തെ ഇലക്ട്രിക് ബസുകളുടെ പ്രവർത്തനങ്ങളിൽ കൈകടത്തുമെന്ന പേടിയിൽ അന്വേഷണവുമായി ബ്രിട്ടൻ
Tech

ചൈന കളിക്കുമോ? രാജ്യത്തെ ഇലക്ട്രിക് ബസുകളുടെ പ്രവർത്തനങ്ങളിൽ കൈകടത്തുമെന്ന പേടിയിൽ അന്വേഷണവുമായി ബ്രിട്ടൻ

Web Desk
|
10 Nov 2025 12:34 PM IST

ഏകദേശം 700 ഇലക്ട്രിക് ബസുകളാണ് ചൈനീസ് നിര്‍മാതാക്കളായ യുടോങ് യുകെ വിപണിയിലിറക്കിയിരിക്കുന്നത്

ലണ്ടന്‍: ബ്രിട്ടീഷ് റോഡുകളിലോടുന്ന നൂറുകണക്കിന് ചൈനീസ് നിർമ്മിത ഇലക്ട്രിക് ബസുകൾ നിശ്ചലമാക്കാന്‍ ചൈനക്കാകുമോ? ഇതു സംബന്ധിച്ച് അന്വേഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. നോര്‍വേക്കും ഡെന്മാര്‍ക്കിനും പിന്നാലെയാണ് ബ്രിട്ടനും ഇക്കാര്യം പരിശോധിക്കുന്നത്.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ചൈനയുടെ 'ഇടപെടലുണ്ടാകുന്നത്' ആശങ്കയോടെയാണ് ബ്രിട്ടന്‍ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് നിർമ്മാതാക്കളാണ് ചൈനീസ് കമ്പനിയായ യുടോങ്ങ്. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കും മറ്റും വേണ്ടി വാഹനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങളിലേക്ക് യുടോങിന്, റിമോട്ട് ആക്‌സസ് ഉണ്ടോ എന്നാണ് ബ്രിട്ടന്‍ പ്രധാനമായും നോക്കുന്നത്. ഗതാഗത ഉദ്യോഗസ്ഥർ നാഷണൽ സൈബർ സുരക്ഷാ കേന്ദ്രവുമായി സഹകരിച്ചാണ് ഇക്കാര്യം പരിശോധിക്കുന്നത്.

യുടോങ് ബസുകള്‍ പുറത്ത് നിന്ന് നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്ന് നോർവേയിൽ നടന്നൊരു അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബ്രിട്ടനും രംഗത്ത് എത്തുന്നത്. ഏകദേശം 700 ബസുകളാണ് ചൈനീസ് നിര്‍മാതാക്കളായ യുടോങ് യുകെ വിപണിയിലിറക്കിയിരിക്കുന്നത്. നോട്ടിംഗ്ഹാം, സൗത്ത് വെയിൽസ്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്.

സ്റ്റേജ്‌കോച്ച്, ഫസ്റ്റ്ബസ് എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളാണ് ഇവ നടത്തുന്നത്. ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുള്‍പ്പെടെ കൂടുതൽ വാഹനങ്ങൾ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുടോങ് കമ്പനി. ഇതിനിടയിലാണ് അന്വേഷണവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത് എത്തുന്നത്. അതേസമയം തങ്ങളുടെ വാഹനങ്ങള്‍ ഓടുന്ന രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും ഗുണമേന്മാ നിലവാരങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്നാണ് യൂടോങ് പറയുന്നത്.

Similar Posts