< Back
Tech
ബി.ജെ.പി അനുഭാവിക്ക് പകരം വരുന്നത് ഐ.എ.എസ്ഓഫീസർ; ഫേസ്ബുക്കിന്റെ പുതിയ പബ്ലിക് പോളിസി തലവനെ അറിയാം
Tech

'ബി.ജെ.പി അനുഭാവി'ക്ക് പകരം വരുന്നത് ഐ.എ.എസ്ഓഫീസർ; ഫേസ്ബുക്കിന്റെ പുതിയ പബ്ലിക് പോളിസി തലവനെ അറിയാം

Web Desk
|
20 Sept 2021 8:12 PM IST

വിദ്വേഷ പ്രചരണം നേരിടുന്നതിനുള്ള ഫേസ്ബുക്കിന്റെ നയത്തിൽ നിന്ന് ബി.ജെ.പി നേതാക്കന്മാരെ ഒഴിവാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അംഖി ദാസ് രാജിവെച്ചത്

ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് പബ്ലിക് പോളിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ അംഖി ദാസിന്റെ പിൻഗാമിയെ ഫേസ്ബുക്ക് പ്രഖ്യാപിച്ചു: മുൻ ഐ.എ.എസ് ഓഫീസർ രാജീവ് അഗർവാൾ. വിവാദങ്ങളെ തുടർന്ന് അംഖി ദാസ് രാജിവെച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് യു.എസ് കമ്പനി ഇന്ത്യയിലെ പബ്ലിക് പോളിസി തലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐ.എ.എസ് ഓഫീസർ എന്ന നിലയ്ക്കും പൊതുനയ വിദഗ്ധൻ എന്ന നിലയ്ക്കും മൂന്നു പതിറ്റാണ്ടോളം പരിചയ സമ്പത്തുള്ള രാജീവ് അഗർവാൾ യു.പി കേഡറിലെ 1993 ബാച്ചുകാരനാണ്. ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് മെക്കാനിക്കൽ എഞ്ചിനീയറായി കരിയർ ആരംഭിച്ച അദ്ദേഹം 26 വർഷമാണ് ഐ.എ.എസ് സർവീസിൽ ഉണ്ടായിരുന്നത്. യു.പിയിലെ ഒമ്പത് ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റായും ജോലി ചെയ്തിട്ടുണ്ട്.

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ചുള്ള രാജ്യത്തെ ആദ്യത്തെ പൊതുനയ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച രാജീവ് അഗർവാൾ, കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിൽ വാണിജ്യ-ആഭ്യന്തര വിപണന വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ൽ ഊബറിൽ ചേർന്ന അദ്ദേഹം ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലെയും പബ്ലിക് പോളിസി ഹെഡ്ഡായി പ്രവർത്തിച്ചു.

വിദ്വേഷ പ്രചരണം നേരിടുന്നതിനുള്ള ഫേസ്ബുക്കിന്റെ നയത്തിൽ നിന്ന് ബി.ജെ.പി നേതാക്കന്മാരെ ഒഴിവാക്കുകയും കേന്ദ്ര സർക്കാറിന് അനുകൂലമായി നിലപാട് മാത്രം കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അംഖി ദാസിന് രാജിവെക്കേണ്ടി വന്നത്. ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് രാജ്യത്ത് ഫേസ്ബുക്കിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് അംഖി ദാസ് സഹപ്രവർത്തകരോട് പറഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശശി തരൂർ എം.പി അധ്യക്ഷനായ ഐ.ടി കാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഖി ദാസിനെയും ഫേസ്ബുക്ക് ഇന്ത്യ ഹെഡ്ഡ് അജിത് മോഹനെയും വിളിച്ചുവരുത്തുകയും ചെയ്തു.

ഫേസ്ബുക്കിന്റെ പല നയങ്ങളും ബി.ജെ.പിക്കും ഭരണകക്ഷിക്കും അനുകൂലമാകുന്നുവെന്ന വിമർശം ഉപയോക്താക്കളും ആക്ടിവിസ്റ്റുകളും ഉയർത്തുന്ന സാഹചര്യത്തിലാണ് രാജീവ് അഗർവാളിന്റെ നിയമനം.

Similar Posts